പിണറായി കൂട്ടകൊലപാതകം; സൗമ്യക്കു വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും

aloor_soumia

പിണറായി: പിണറായിയിലെ കൂട്ടകൊലപാതക പ്രതി സൗമ്യക്കു വേണ്ടി അഭിഭാഷകന്‍ ആളൂര്‍ (ബിജു ആന്റണി ആളൂര്‍) കോടതിയില്‍ ഹാജരാകും. ആളൂര്‍ശനിയാഴ്ച എത്തും. സൗമ്യക്കുവേണ്ടി ഹാജരാകാന്‍ ആരാണ് സമീപിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല.

ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്ട്രേറ്റ് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു മറുപടി. കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചശേഷം ജാമ്യനടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂര്‍ പറഞ്ഞു.

കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ(28) പേരില്‍ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. നിലവില്‍ രണ്ടു കേസുകളിലാണ് യുവതിയെ പ്രതിചേര്‍ത്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ മൂന്നാമത്തെ കേസിലും പ്രതിചേര്‍ക്കുമെന്ന് കേസന്വേഷിക്കുന്ന തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍ പറഞ്ഞു.

തൃശ്ശൂരിലെ സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കും എറണാകുളത്തെ നിയമവിദ്യാര്‍ഥിനി വധക്കേസിലെ മുഖ്യപ്രതി അമീറുള്‍ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കും വേണ്ടി ഹാജരായത് ആളൂരായിരുന്നു.

Top