പിണറായി മോദിയുമായി കൂടിക്കാഴ്ച നടത്തി; ചര്‍ച്ച 15 മിനിറ്റോളം നീണ്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായി പിണറായി കൂടിക്കാഴ്ച നടത്തി. രാവിലെ 10മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ട് നിന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളാണ് മുഖ്യമന്ത്രി മോദിയുമായി സംസാരിച്ചത്. മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് രേഖാമൂലം പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പ്രളയത്തിനു ശേഷം കേരളത്തിന് ലഭിച്ച സാമ്പത്തിക സഹായം സംബന്ധിച്ച് കേരളത്തിനുള്ള അതൃപ്തിയും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണത്തിനായി ആവശ്യമായ കേന്ദ്ര സഹായത്തെക്കുറിച്ചുള്ള അഭ്യര്‍ഥനയും കേരളം നല്‍കിയ നിവേദനത്തിലുണ്ട്.

ജി സുധാകരന്റെ നതൃത്വത്തില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രിയും സുധാകരനും 12 മണിക്ക് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നരേന്ദ്ര മോദി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായാണ് പിണറായി കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.

Top