കേരള രാഷ്ട്രീയത്തിലെ ‘സയനൈഡാണ്’ പിണറായി, ചെന്നിത്തല ‘ജോളി’: ബി ഗോപാലകൃഷ്ണന്‍

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനും ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണന്‍. കേരളരാഷ്ട്രീയത്തിലെ സയനൈഡ് ആണ് മുഖ്യമന്ത്രിയെന്നും ജോളിയാണ് രമേശ് ചെന്നിത്തലയെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. രണ്ടും നശീകരണമാണ്. സ്വത്ത് സമ്പാദിക്കലും വെട്ടിപ്പിടിക്കലും വെട്ടിക്കൊല്ലലും പണം തട്ടലും ഇല്ലാത്ത മേനിപറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവസാനം സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്പ് കാണിക്കുന്ന ജോളിസം. ഇതാണ് കേരള രാഷ്ട്രീയത്തിലെ ഇടത് -വലത് മുന്നണികളെന്നും അദ്ദേഹം ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയചര്‍ച്ച നടക്കാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നത്. പാലാരിവട്ടം പാലവും കിയാലും കിഫ്ബിയും സരിതയും സോളാറും ചര്‍ച്ചയാകുന്നില്ല. അഴിമതി ചര്‍ച്ച ചെയ്താല്‍ രണ്ട് മുന്നണികളും പ്രതികളാകും. കൂടത്തായി വിഷയം വെച്ച് രാഷ്ട്രീയഅഴിമതി ചര്‍ച്ച മൂടിവെക്കാനാണ് എല്‍ ഡി എഫും യു ഡി എഫും ശ്രമിക്കുന്നത്. ഫെര-ഫെമാ നിയമത്തിന്റെ ലംഘനം നടത്തിയ ഹാരിസണ്‍ അടക്കമുള്ള ഭൂമി തട്ടിപ്പില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഉറപ്പാക്കാന്‍ ബി ജെ പി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഭൂമാഫിയക്ക് തണല്‍ ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ചെറുവള്ളി അടക്കം അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമി ഹാരിസന്റെ കയ്യിലാണ്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റെ ഭൂമിയാണന്നും സിവില്‍ കോടതിയില്‍ പോയി നടപടി സ്വീകരിക്കണമെന്നും കോടതിയും രാജമാണിക്യം റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുള്ളതുമാണ്. ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഭൂമാഫിയക്കെതിരെ പോരാടിയ സുശീല ഭട്ടിനെ പുറത്താക്കി. രാജമാണിക്യത്തെ മാറ്റി ഓഫിസിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. ആര്‍ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി പറയണം. ഫെര, ഫെമ നിയമത്തിന്റെ ലംഘനമുള്ളത് കൊണ്ട് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?മുഖ്യമന്ത്രി മറുപടി പറയണം.മുഖ്യമന്ത്രിയുടെ ഓഫിസും ഹാരിസണ്‍ കമ്പനിയും യോഹന്നാനും തമ്മിലുള്ള കൂട്ട് കച്ചവടമാണ് ചെറുവള്ളി എസ്റ്റേറ്റ് തട്ടിപ്പില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top