pinarayi in alapuzha- punnapra

ആലപ്പുഴ: അഴിമതി നാട്ടില്‍നിന്ന് ഇല്ലാതാക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍.

വീടുകളില്‍പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത, വ്യവസായ മേഖല തകര്‍ന്നടിഞ്ഞ, വിലകയറ്റം പൊറുതിമുട്ടിച്ച യുഡിഎഫ് ഭരണത്തിനെതിരായിരുന്നു ജനവിധിയെന്ന് പിണറായി പറഞ്ഞു.

നിയുക്ത മുഖ്യമന്ത്രി പിണറായിയും മറ്റ് നിയുക്തമന്ത്രിമാരും പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാവസായിക മേഖലയുടെ പുനരുദ്ധാരണം തൊഴിലാളികള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ്ഫലം. വീടിനകത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍വരെ സുരക്ഷിതരല്ലെന്ന സാഹചര്യത്തിനുംമാറ്റം വരണം.

2016 മുതല്‍ അഞ്ചുവര്‍ഷം വിലക്കയറ്റമുണ്ടാകില്ലെന്ന എല്‍ഡിഎഫ് തീരുമാനം നടപ്പില്‍വരുത്താന്‍ ആവശ്യമായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

കേരളത്തിലങ്ങോളം ഇങ്ങോളം എല്‍ഡിഎഫ് ആഹ്ലാദപ്രകടനത്തിനുനേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. ആര്‍എസ്എസിന്റെ ഭാഗത്തുനിന്നടക്കം ക്രൂരമായ ആക്രമണം ഉണ്ടായിട്ടും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു.

എന്നാല്‍ കേന്ദ്രമന്ത്രിയടക്കം എല്‍ഡിഎഫിനെതിരെ കള്ളപ്രചരണം നടത്തുകയാണ്. കേരളത്തിലേറ്റ തിരിച്ചടിയില്‍ അമിത്ഷാ ഉള്‍പ്പെടെ നിരാശയിലാണ്. നേമത്ത് ബിജെപിക്കുണ്ടായ വിജയം കോണ്‍ഗ്രസ് സഹായത്തോടെയാണെന്ന് പിണറായി പറഞ്ഞു.

Top