പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമപരീക്ഷിക്കുന്നു, മൂന്നാംതവണയും വൈദ്യുതി ചാര്‍ജ് വര്‍ധന; കെ സുരേന്ദ്രന്‍

മൂന്നാംതവണയും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍. കെഎസ്ഇബിയുടെ കടബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 40,000 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഇടത്-വലത് മുന്നണികള്‍ കെഎസ്ഇബിക്ക് വരുത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിടക്കാരില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നതില്‍ വിഴ്ച വരുത്തുന്ന സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിക്കുകയാണ്. കേരളീയത്തിന്റെ പേരില്‍ വലിയ ധൂര്‍ത്ത് നടത്തുന്നവര്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കഴിഞ്ഞ ബജറ്റില്‍ മാത്രം 5,000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാരാണ് മാസാമാസം എല്ലാത്തിനും വില കൂട്ടുന്നത്. പിണറായി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതികരിക്കുമെന്നുറപ്പാണ്. കെഎസ്ഇബി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂട്ടിപോകുന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Top