പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും ഉറച്ചു നില്‍ക്കും; ഗവര്‍ണര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊവിഡ് വ്യാപനവും മരണനിരക്കും പിടിച്ചു നിര്‍ത്താനായി. ക്ഷേമ പ്രവര്‍ത്തനത്തിലൂടെ സാമ്പത്തിക മാന്ദ്യം കുറയ്ക്കാനായി. കൊവിഡ് രണ്ടാം വ്യാപനത്തിലും സാമ്പത്തിക പ്രതിസന്ധി മറികടന്ന് ഭക്ഷ്യകിറ്റുകള്‍ നല്‍കി. ക്ഷേമ പദ്ധതികളില്‍ അംഗമല്ലാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 കോടി ചിലവിട്ടു.

എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിന്‍ കൂടുതല്‍ ശേഖരിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടി തുടങ്ങി. വാക്സിന്‍ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു.

കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഗതി മാറ്റും. നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.

മെയ് 31, ജൂണ്‍ 1, 2 തിയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും 3ന് സര്‍ക്കാര്‍ കാര്യവും നടക്കും. 4 ന് പുതുക്കിയ സംസ്ഥാന ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. 7, 8, 9 തിയതികളില്‍ ബജറ്റിനെ കുറിച്ച് പൊതു ചര്‍ച്ച നടക്കും. 10 നാണ് വോട്ട് ഓണ്‍ അക്കൗണ്ട്. 11ന് സര്‍ക്കാര്‍ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും നടക്കും. 14ന് ധനവിനിയോഗ രണ്ടാം നമ്പര്‍ ബില്‍ പരിഗണിച്ച് സഭ അനിശ്ചിത കാലത്തേക്ക് പിരിയും – ഗവര്‍ണര്‍ നയപ്രസംഗത്തില്‍ വ്യക്തമാക്കി.

 

Top