കുടുക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ പിണറായി സർക്കാർ

ടുവില്‍ പ്രതീക്ഷിച്ചതു പോലെ കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. സ്വപ്നയുടെ വിവാദ സംഭാഷണം പുറത്തായതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ചാണ് സി.പി.എം രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ അന്വേഷണസംഘം നിര്‍ബന്ധിക്കുന്നുവെന്നാണ് സ്വപ്ന സുരേഷ് ശബ്ദരേഖയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പുറത്ത് വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സ്വപ്ന സുരേഷും ഇതിനകം സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിനായി എത്തിയ ജയില്‍ ഡി.ഐ.ജിയോടാണ് സ്വപ്ന ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇനി അറിയാനുള്ളത് സ്വപ്ന സംസാരിച്ചത് ആരോടാണ് എന്നതും പറഞ്ഞതില്‍ കഴമ്പുണ്ടോ എന്നതും മാത്രമാണ്. അതിന് ഇനി മറുപടി പറയേണ്ടത് സ്വപ്നയും പൊലീസുമാണ്. ആ ശബ്ദരേഖ കേട്ടാല്‍ എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഒരുപാട് കാര്യങ്ങള്‍ പറയുന്നതിനിടക്ക് പറഞ്ഞ കാര്യങ്ങളാണിത്. ഇത് റെക്കോര്‍ഡ് ചെയ്ത വ്യക്തിയാണ് പ്രസക്തഭാഗങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അത് ആരാണ് എന്നതിന് മറുപടി പറയേണ്ടത് സംസ്ഥാന പൊലീസിന്റെ ചുമതലയാണ്. ആ കടമ പൊലീസ് നിര്‍വ്വഹിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ശബ്ദരേഖ പുറത്ത് വിട്ടതിലല്ല സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഏറെ ഗൗരവകരമായിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് ആര് പറഞ്ഞാലും അത് ക്രിമിനല്‍ കുറ്റമാണ്.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ തന്നെ അട്ടിമറിക്കാനുള്ള നീക്കമായി ഇതിനെ കാണേണ്ടതുണ്ട്. പറഞ്ഞ കാര്യത്തില്‍ സ്വപ്ന ഉറച്ച് നിന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയവര്‍ ഏത് ഉന്നതനായാലും പൊലീസിന് കേസെടുക്കേണ്ടി വരും. അത്രയ്ക്കും ഗുരുതര സ്വഭാവം ഇതിനുണ്ട്. പുറത്ത് വന്ന സ്വപ്നയുടെ സംഭാഷണം കേട്ടാല്‍ പ്രത്യക്ഷത്തില്‍ അത് ആരെങ്കിലും പറയിപ്പിച്ചതായി ഒരിക്കലും തോന്നുകയില്ല. തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ സ്വപ്നയെ നുണപരിശോധന നടത്താനാണ് തയ്യാറാകേണ്ടത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ഐ.എ.എസ് ഓഫീസറായ ശിവശങ്കര്‍ പോലും കോടതിയില്‍ പരാതിപ്പെട്ട സാഹചര്യത്തില്‍ സ്വപ്നയുടെ ആരോപണം എന്തായാലും തള്ളിക്കളയാന്‍ കഴിയുന്നതല്ല. സാങ്കേതിക വാദങ്ങള്‍ നിരത്താതെ നിരപരാധിത്വം തെളിയിക്കേണ്ടത് ഇനി അന്വേഷണ ഏജന്‍സികളുടെ ബാധ്യതയാണ്. അതല്ലെങ്കില്‍ സംശയത്തോടെ മാത്രമേ കേന്ദ്ര ഏജന്‍സികളെയും വീക്ഷിക്കാന്‍ കഴിയുകയൊള്ളൂ.

രാഷ്ട്രീയ നേതൃത്വങ്ങളുടെ ‘അജണ്ട’യല്ല നിഷ്പക്ഷമായ അന്വേഷണമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തേണ്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന നിലപാട് ആദ്യം സ്വീകരിച്ചത് മുഖ്യമന്ത്രിയാണ്. എന്തെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് മറച്ച് വയ്ക്കാനുണ്ടായിരുന്നെങ്കില്‍ അത്തരമൊരു ആവശ്യം അദ്ദേഹം ഉന്നയിക്കുമായിരുന്നില്ല. മാത്രമല്ല അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സിക്കെതിരെ പരാതി ഉയര്‍ന്നപ്പോഴും ശരിയായ ദിശയിലാണ് അന്വേഷണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയതും സസ്‌പെന്റ് ചെയ്തതും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ്. വ്യക്തിപരമായി എത് സെക്രട്ടറി തെറ്റ് ചെയ്താലും അനുഭവിച്ച് കൊള്ളണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. സെക്രട്ടറിയേറ്റില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചതും സംസ്ഥാന സര്‍ക്കാറാണ്. മറയ്ക്കാന്‍ ഒന്നുമില്ലെന്ന ഒറ്റ ബോധ്യത്തിലാണ് ഈ നിലപാട് സ്വീകരിച്ചിരുന്നത്.

ഇത്തരത്തില്‍ ഒരു പിന്തുണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തും കേന്ദ്ര ഏജന്‍സികള്‍ക്ക് കിട്ടിയിട്ടില്ലന്നതും നാം ഓര്‍ക്കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ പിന്തുണ പിന്നീട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് സി.പി.എം ആരോപിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാറിനും പിന്നീട് നിലപാട് കടുപ്പിക്കേണ്ടി വന്നിരുന്നത്. ശിവശങ്കറിന്റെയും സ്വപ്നയുടെയും പ്രതികരണങ്ങളെ ഗൗരവത്തോടെയാണ് ഇടതുപക്ഷ നേതൃത്വവും ഇപ്പോള്‍ വീക്ഷിക്കുന്നത്. കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പൂര്‍ണ്ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാറിന് സി.പി.എം നല്‍കിയിരിക്കുന്നത്. സമ്മര്‍ദ്ദവും ഭീഷണിയും പരാതിയായി സ്വപ്ന എഴുതി നല്‍കിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. ഫെഡറല്‍ സംവിധാനമുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇക്കാര്യത്തില്‍ അധികാരങ്ങളും പരിമിതമാണ്.

ഫലത്തില്‍ കൊല്‍ക്കത്ത മോഡല്‍ ഒരു സംഘര്‍ഷ സാധ്യതയാണ് കേരളത്തിലും ഉരുത്തിരിയുന്നത്. ശാരദ ചിട്ടി കേസില്‍ കൊല്‍ക്കത്തയില്‍ മമതയെ ലക്ഷ്യമിട്ട് എത്തിയ സി.ബി.ഐ സംഘം അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചിരുന്നത്. കേന്ദ്ര ഏജന്‍സിയും കൊല്‍ക്കത്ത പൊലീസും മുഖാമുഖം നിന്ന സംഭവത്തില്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യം വരെയുണ്ടായി. മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ നേരിട്ട് പ്രതിഷേധവുമായി കുത്തിയിരിപ്പ് നടത്തിയതും ദേശീയ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രിയ പ്രേരിതമായി നീങ്ങിയാല്‍ കേരളത്തിലും കേന്ദ്ര ഏജന്‍സികള്‍ക്ക് കയ്‌പേറിയ അനുഭവമുണ്ടാകാനാണ് സാധ്യത.

രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് കമ്മ്യൂണിസ്റ്റുകളെ തുടച്ചു നീക്കുക എന്നത്. ത്രിപുരയില്‍ കോണ്‍ഗ്രസ്സിനെ കാവിയണിയിച്ച് ബി.ജെ.പി നടപ്പാക്കിയതും അതാണ്. ഇനി ഇടതുപക്ഷത്തിന് ഭരണം അവശേഷിക്കുന്നത് കേരളത്തിലാണ്. ഇവിടെ കോണ്‍ഗ്രസ്സിനെ കാവിയണിയിക്കാതെ തന്നെ ഒപ്പം നിര്‍ത്താന്‍ കാവിപ്പടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഏറ്റെടുക്കുന്നതും കേന്ദ്ര ഏജന്‍സികളുടെ നാവാകുന്നതും കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളാണ്. പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച ഒഴിവാക്കുക എന്നതാണ് ഇരു വിഭാഗത്തിന്റെയും ലക്ഷ്യം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നാണ് ആര്‍.എസ്.എസ് നേതൃത്വവും കരുതുന്നത്.

തിരുവനന്തപുരം എം.ജി.കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ആര്‍.എസ്.എസ് – എ.ബി.വി.പി പ്രവര്‍ത്തകരുടെ കേസ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ അനവധി സംഘംപരിവാര്‍ പ്രവര്‍ത്തകരാണ് വിവിധ കേസുകളില്‍ പ്രതികളായിട്ടുള്ളത്. ഇത് പിന്‍വലിപ്പിക്കുക എന്നത് പരിവാര്‍ നേതൃത്വത്തിന്റെ ‘അജണ്ട’യാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന് പറയുന്ന ബി.ജെ.പി കേരളത്തില്‍ പറയുന്നത് കമ്യൂണിസ്റ്റ് മുക്ത കേരളമെന്നതാണ്. അതിനു വഴി ഒരുക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുക എന്നത് തന്നെയാണ് അവരെ സംബന്ധിച്ച് ഏറെ പ്രധാനം. സ്വര്‍ണ്ണക്കടത്ത് കേസിന് പുറമെ മറ്റു സര്‍ക്കാര്‍ പദ്ധതികളിലേക്കും കേന്ദ്ര ഏജന്‍സികള്‍ ശ്രദ്ധ പതിപ്പിച്ചത് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണെന്നാണ് സി.പി.എം സംശയിക്കുന്നത്.

ഏത് വിധേയനേയും മുഖ്യമന്ത്രിയെ കുരുക്കി ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് ആരോപണം. ഇക്കാര്യം തുറന്ന് കാട്ടി വന്‍ പ്രചരണ പ്രവര്‍ത്തനത്തിനാണ് സി.പി.എം തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പിടിമുറുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വരുന്നതോടെ കേന്ദ്രവും ഇനി വെട്ടിലാകും. സ്വപ്ന സുരേഷിന്റെ മൊഴിയായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ കൊടുത്ത വിവരങ്ങളുടെ വിശ്വാസ്യത കോടതി തന്നെ നേരത്തെ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സ്വപ്നയുടെ ശബ്ദസന്ദേശം കൂടി പുറത്തുവന്നിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് എന്‍ഐഎ പിടിച്ചെടുത്ത പണം ലൈഫ് മിഷന്‍ കരാറുകാരന്‍ നല്‍കിയ കമീഷനാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് വാദമാണ് കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നത്. ഈ മൊഴിയെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇത്തരം പരാമര്‍ശം നടത്തിയിരുന്നത്. ലോക്കറില്‍ നിന്ന് കിട്ടിയ പണം ലൈഫ് മിഷന്‍ കരാറുകാരനില്‍ നിന്ന് ശിവശങ്കറിന് ലഭിച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചിരുന്നത്. ഇത് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലെന്ന നിലയ്ക്കാണ് കോടതിയില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മുന്‍പ് അന്വേഷണ സംഘം പറഞ്ഞിരുന്നത് ഇത് സ്വര്‍ണക്കടത്തിലൂടെ സ്വപ്ന സമ്പാദിച്ച പണമാണെന്നാണ്. താന്‍ പറയാത്ത കാര്യങ്ങള്‍ മൊഴിയാക്കി കോടതിയില്‍ കൊടുക്കുകയാണ് കേന്ദ്ര ഏജന്‍സി ചെയ്യുന്നതെന്ന സ്വപ്നയുടെ ആരോപണം ശരിവെക്കുന്ന സംഭവമാണിത്.

‘അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ് വായിക്കാന്‍ തന്നില്ലെന്നും ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറയുകയായിരുന്നു എന്നുമാണ് സ്വപ്ന ശബ്ദരേഖയില്‍ പറയുന്നത്. ശബ്ദരേഖ തന്റെ തന്നെയാണെന്ന് സ്വപ്ന പറഞ്ഞിട്ടുള്ളതിനാല്‍ ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ അവര്‍ കൊടുത്ത എല്ലാ മൊഴികളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് പറഞ്ഞതായ പ്രതികരണമാണ് ഇതില്‍ ഏറെ ഗുരുതരം. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് പുറത്തു വന്നിരിക്കുന്നത്.

സംസ്ഥാന പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയതിനാല്‍ വിശദമായ അന്വേഷണം തന്നെ നടക്കുമെന്നാണ് സൂചന. സ്വപ്നയ്ക്കും സമ്മര്‍ദ്ദമില്ലാതെ കാര്യങ്ങള്‍ തുറന്ന് പറയാനുള്ള സാഹചര്യമാണ് അതോടെ ഉണ്ടാകുക. സ്വപ്ന പറയുന്നതില്‍ കഴമ്പുണ്ടെന്ന് ബോധ്യമായാല്‍ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരെയും സംസ്ഥാന പൊലീസിന് ചോദ്യം ചെയ്യേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ ദേശീയ തലത്തിലും അത് വലിയ കോളിളക്കമാണുണ്ടാക്കുക.

Top