ഉടക്കാൻ കേന്ദ്രം; രാജ്നാഥും നിർമ്മലയും ശബരിമലയിലേക്ക് ഉടൻ വരുന്നു . . .

nirmala-rajnath-sing

തിരുവനന്തപുരം: പിണറായി സർക്കാറിനോട് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രത്തിലെ പ്രധാന രണ്ടു മന്ത്രിമാരെ ശബരിമലയിലേക്ക് അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ആർ.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഈ നീക്കമെന്നാണ് സൂചന

സ്ത്രീപ്രവേശന വിഷയം വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനുമാണ് ശബരിമലയിൽ എത്താൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ശബരിമലയിൽ യുവതികൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് നിലനിൽക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും ഇടയിലാണ് കേന്ദ്രത്തിലെ തന്നെ മുതിർന്ന രണ്ട് മന്ത്രിമാർ ശബരിമലയിലേക്ക് എത്താൻ ഒരുങ്ങുന്നത്.

സുരക്ഷ കണക്കിലെടുത്ത് ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം നിരോധനാജ്ഞ നടപ്പിലാക്കിയ സംസ്ഥാന സർക്കാർ ഒട്ടേറെ ബി.ജെ.പി, സംഘപരിവാർ നേതാക്കളെ ഇതിനോടകം തന്നെ കസ്റ്റഡിയിലെടുക്കുകയും നരവധി പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ഇപ്പോഴും ജയിൽ മോചിതനാകാൻ സാധിച്ചിട്ടില്ല. കൂടാതെ, കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര മോശമായാണ് പെരുമാറിയതെന്നാണ് ബിജെപിയുടെ ആരോപണം.

ശബരിമലയിൽ ശരണം വിളിക്കുകയും നാമജപം നടത്തുകയും ചെയ്ത നിരവധിയാളുകളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നായിരുന്നു കേന്ദ്ര-ആഭ്യന്തര മന്ത്രി നേരിട്ട് സന്നിധാനത്തെത്തിയത്. നേരത്തെ ബി.ജെ.പി എം.പിമാരായ വി.മുരളീധരനും നളിൻകുമാർ കട്ടീലും സന്നിധാനത്തെത്തിയിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടുതൽ കേന്ദ്രമന്ത്രിമാരെ സന്നിധാനത്തെത്തിക്കാൻ ബി.ജെ.പി നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ശബരിമലയിൽ എത്താൻ ഒരുങ്ങുന്നത്.

അതേസമയം, ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് ഗവർണർക്കും ചെന്നിത്തല കത്ത് നൽകിയിരുന്നു. ശബരിമലയിൽ 144 പ്രഖ്യാപിച്ചതിലൂടെ ഭക്തരെ ഇവിടെ നിന്നും അകറ്റാനെ സാധിക്കുകയുള്ളൂവെന്നാണ് ചെന്നിത്തല കത്തിൽ വ്യക്തമാക്കിയത്.

Top