കർക്കശക്കാരായ ‘ത്രിമൂർത്തി’കൾ തൃശൂരിൽ, നിയമലംഘകരുടെ മുട്ടിടിച്ചു തുടങ്ങി ഇപ്പോൾ . .

TV Anupama, yathish chandra

തൃശൂര്‍ : സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിയമം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ചത് അതീവ കര്‍ക്കശക്കാരെന്ന് പേരെടുത്ത ഉദ്യോഗസ്ഥരെ.

ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ നിന്നും തൃശൂര്‍ കളക്ടറായി അനുപമ കൂടി എത്തുന്നതോടെ ജില്ലയിലെ കയ്യേറ്റക്കാരും മണല്‍ – ക്വാറി മാഫിയകളും പരിഭ്രാന്തിയിലാണ്.

ആലപ്പുഴയില്‍ അനുപമ സ്വീകരിച്ച കര്‍ക്കശ നടപടിയെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടിയുടെ കസേരയാണ് തെറിച്ചത്. രാഷ്ട്രീയ – ഉദ്യോഗസ്ഥ സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത പ്രകൃതമാണ് ഇവരുടേത്.

ഇപ്പോള്‍ തൃശൂരിലുള്ള സബ് കളക്ടര്‍ രേണുരാജും ക്വാറി മാഫിയക്കെതിരായ കര്‍ശന നടപടിയിലൂടെ ശ്രദ്ധേയയായ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ഇനി ഇവരുടെ നടപടികള്‍ക്ക് ഉറച്ച പിന്തുണ നല്‍കാന്‍ അനുപമ കൂടി എത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഒരു വിഭാഗം ക്വാറി ഉടമകള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

നിരവധി അനധികൃത ക്വാറികളാണ് തൃശൂര്‍ ജില്ലക്കകത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നല്ലൊരു പങ്കും കുന്ദംകുളം മേഖലയിലാണ്. പാവപ്പെട്ടവരുടെയും സര്‍ക്കാറിന്റെയും സ്ഥലങ്ങള്‍ കയ്യേറിയടക്കം ഇവര്‍ ഘനനം നടത്തുന്നുണ്ട്. ഇതിനെല്ലാം എതിരെ കര്‍ശന നടപടികള്‍ പുതിയ ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതീക്ഷ.

yathish chandra

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായ യതീഷ് ചന്ദ്രയും കര്‍ക്കശക്കാരനായ ഉദ്യാഗസ്ഥനാണ്. ഐ.ടി വിദഗ്ദന്‍ കൂടിയായ യതീഷ് ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലി ഒഴിവാക്കിയാണ് സിവില്‍ സര്‍വീസില്‍ എത്തിയത്.

ആലുവ റൂറല്‍ എസ്.പി ആയിരിക്കെ നടത്തിയ ലാത്തി ചാര്‍ജ്ജും പാര്‍ട്ടി ഓഫീസില്‍ കയറി നേതാക്കളെയടക്കം മര്‍ദ്ദിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളുടെ പേടിസ്വപ്നമാക്കി ഈ യുവ ഉദ്യോഗസ്ഥന്‍ മാറാന്‍ കാരണമായിട്ടുണ്ട്.

ഇപ്പോള്‍ കുന്ദംകുളം സബ് ഡിവിഷന്‍ കൂടി ചേര്‍ത്ത് തൃശൂര്‍ സിറ്റി പൊലീസ് പരിധി ആഭ്യന്തര വകുപ്പ് വിപുലീകരിച്ചിട്ടുണ്ട്.

ഗുണ്ടകളോട് ഒരു ദയയും കാണിക്കാത്ത യതീഷ് ചന്ദ്ര കൊച്ചി ഡി.സി.പിയായും തൃശൂര്‍ റൂറല്‍ എസ്.പിയായും പ്രവര്‍ത്തിച്ചപ്പോള്‍ എടുത്ത കടുത്ത നടപടി ഗുണ്ടകളുടെ വിളയാട്ടത്തിന് കടിഞ്ഞാണിട്ടിരുന്നു. അനുപമയും രേണുരാജും മലയാളികളാണെങ്കില്‍ യതീഷ് ചന്ദ്ര കര്‍ണ്ണാടക സ്വദേശിയാണ്

Top