pinarayi financial advisor suport PM modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തിക നയങ്ങളെ പിന്തുണക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ച് മുഖ്യമന്ത്രി പിണറായി വെട്ടിലായി.

ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി കഴിഞ്ഞദിവസം നിയമിച്ചത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ സിപിഎം-സിപിഐ നേതൃത്വത്തില്‍ ഉയരുന്നത്. സിപിഎം കേന്ദ്ര നേതാക്കള്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടെന്നാണ് സൂചന.

നിയമോപദേഷ്ടാവിന് പിന്നാലെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനവും വിവാദമായത് സിപിഎം അണികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. വിഎസ് അച്യൂതാനന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം.

മാര്‍ക്‌സിസ്റ്റ് വിരുദ്ധ കമ്പോള, കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയത്തെയാണ് ഗീതാ ഗോപിനാഥ് പിന്തുണക്കുന്നത്. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ നിലപാടിനെ ഗീത പിന്തുണച്ചിരുന്നു.

സാമൂഹികക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം, സബ്‌സിഡി, തൊഴിലുറപ്പ് പദ്ധതികള്‍ നിയന്ത്രിക്കണം, ഇടതുപക്ഷം പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ത്ത ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനെയും ഇവര്‍ പിന്തുണച്ചിരുന്നു.

കോര്‍പ്പറേറ്റുകളുടെ താല്‍പര്യപ്രകാരമാണ് ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവായതെന്ന ആരോപണമാണ് സി.പി.എം കേന്ദ്രങ്ങളില്‍ നിന്നു തന്നെ ഉയരുന്നത്.

സി.പി.എം സാമ്പത്തികനയങ്ങളുടെ വക്താക്കളായ രണ്ടുപേരാണ് നിലവില്‍ എല്‍.ഡി.എഫ് സര്‍ക്കാറില്‍ നിര്‍ണായക തസ്തികകളിലുള്ളത് .ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രനും.

അപ്പോഴാണ് സി.പി.എമ്മിന്റെ സാമ്പത്തികനയങ്ങളുടെ നേര്‍വിപരീത സ്ഥാനത്ത് നില്‍ക്കുകയും മോദി സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന വിദഗ്ധയായ ഗീതയുടെ നിയമനം.

സബ്‌സിഡി, സാമൂഹികസുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കംനല്‍കിയും പൊതുമേഖല നിലനിര്‍ത്തിയും വേണം വികസനമെന്ന സാമ്പത്തിക മാതൃകയാണ് സി.പി.എം എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്.

അതിന് വിപരീതമായി ആഗോള, സ്വകാര്യവത്കരണ, നവഉദാരീകരണ നയങ്ങള്‍ക്കനുസൃതമായ സമീപനമാണ് സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

ചിക്കാഗോ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്ന അവര്‍ കമ്പോളമാണ് ശരിയെന്ന നിലപാട് സ്വീകരിക്കുന്ന സമ്പദ്ശാസ്ത്ര ചിന്തയിലെ ‘ചിക്കാഗോ പാത’യുടെ വക്താവുമാണ്.

അമേരിക്കന്‍ ധനനയങ്ങള്‍ തീരുമാനിക്കുന്ന ന്യൂയോര്‍ക് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിലും അവര്‍ അംഗമായിരുന്നു.

Top