വിഴിഞ്ഞം സംഘർഷം; നാടിന്റെ സ്വൈര്യം തകർക്കാൻ ശ്രമം, സംയമനം പാലിച്ച പൊലീസിന് അഭിനന്ദനം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സ്വൈര്യം തകര്‍ക്കാനുള്ള ശ്രമമാണ്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരള പൊലീസ് അക്കാദമിയുടെ 109 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ് അഭിവാദം ചെയ്തുകൊണ്ട് ഓണ്‍ലൈനായി സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ ശാന്തമായ ജീവിതം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അക്രമസമരത്തിലേക്ക് ചില പ്രക്ഷോഭങ്ങള്‍ മാറുന്നു. അതിന്റെ ഭാഗമായി പൊലീസിന്റെ നേര്‍ക്ക് ആക്രമണം നടന്നു.

പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന ആഹ്വാനങ്ങള്‍ പരസ്യമായി ഉയരുന്നു. ഇത് വെറും ആഹ്വാനം മാത്രമായി ഒതുങ്ങിയില്ല. ആഹ്വാനം ചെയ്തവര്‍ ഇത്തരത്തില്‍ അക്രമം സംഘടിപ്പിക്കാനും ശ്രമിച്ചു. സംഘര്‍ഷം സംയമനത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ മുഖ്യമന്ത്രി പ്രശംസിച്ചു. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസിന്റെ ധീരോധാത്തമായ സംയമനം കൊണ്ടാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ നാടിന്റെ സാഹചര്യങ്ങള്‍ മാറാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top