മമതയും രാഹുലുമല്ല, പിണറായിയും സി.പി.എമ്മുമാണ് കാവിയുടെ ശത്രു !

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് വരുന്ന തിരഞ്ഞെടുപ്പുകള്‍ ജീവന്‍മരണ പോരാട്ടമാണ്. ഇത്തവണ കൂടി ഇല്ലങ്കില്‍ ‘ഇനി ഒരിക്കലും ഇല്ല’ എന്നതാണ് നിലവിലെ അവസ്ഥ. ഏതു വിധേയനേയും മോദിയെ താഴെ ഇറക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് നിലവിലെ സാഹചര്യത്തില്‍ എത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവരും. പ്രധാനമന്ത്രിപദ മോഹം മാറ്റിവയ്ക്കാന്‍ മമതയും രാഹുലും പവാറുമെല്ലാം തയ്യാറാവണം. അതല്ലങ്കില്‍ മൂന്നാം ഊഴം മോദിയെ സംബന്ധിച്ച് വളരെ എളുപ്പമാകും.

ബി.ജെ.പിക്ക് ‘വളമിടുന്ന’ തരത്തിലാണ് നിലവില്‍ അസദുദ്ദീന്‍ ഒവൈസിയും പ്രകോപനം സൃഷ്ടിക്കുന്നത്. മമത ബാനര്‍ജിയാകട്ടെ മോദിക്ക് ബദല്‍ താനാണെന്ന മട്ടിലാണ് മൂന്നാട്ടു പോകുന്നത്. മമതയെ മോദിക്ക് ഒത്ത എതിരാളിയായി ചിത്രീകരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. കേന്ദ്രത്തില്‍ ബി.ജെ.പിയുമായി കൂട്ടുകൂടി ഭരിച്ച ഒരു ഭൂതകാലം മമതയുടെ തൃണമൂലിനുണ്ട്. ബി.ജെ.പി പയറ്റുന്ന ഹിന്ദുത്വ രാഷ്ട്രീയത്തോട് ഏതു നിമിഷവും സന്ധി ചെയ്യാവുന്ന അവസരവാദ നിലപാടു തന്നെയാണത്.

കേന്ദ്രത്തില്‍ ‘സാധ്യത’ നഷ്ടപ്പെട്ടാല്‍ അവര്‍ കാവിയെ പുണരാനുള്ള സാധ്യത വളരെ കൂടുതലാണ്. ന്യൂനപക്ഷ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ മാത്രമാണ് മോദിക്കെതിരെ മമത പൊട്ടിത്തെറിക്കുന്നത്. അതല്ലാതെ പ്രത്യായ ശാസ്ത്രപരമായ എതിര്‍പ്പു കൊണ്ടല്ല. അത്തരം ഒരു എതിര്‍പ്പ് കാവി രാഷ്ട്രീയത്തോട് ഒരൊറ്റ വിഭാഗത്തിനെ രാജ്യത്തൊള്ളൂ അതാകട്ടെ കമ്യൂണിസ്റ്റുകള്‍ക്കാണ്. പ്രത്യായശാസ്ത്രപരമായ ഈ എതിര്‍പ്പിനു വീര്യവും കൂടുതലാണ്.

രാജ്യത്തെ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും ബി.ജെ.പിയോട് സന്ധി ചെയ്യാന്‍ കഴിയുകയില്ല. സ്വപ്‌നത്തില്‍ പോലും നടക്കാത്ത കാര്യമാണത്. സംഘപരിവാറിനു കടുത്ത പകയുള്ളതും ഈ ചുവപ്പ് പ്രത്യേയശാസ്ത്രത്തോടാണ്. ആര്‍.എസ്.എസ് നേതൃത്വം പരസ്യമായി തന്നെ ഇക്കാര്യം പലവട്ടം വ്യക്തമാക്കിയിട്ടുള്ളതുമാണ്. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും മമത ബാനര്‍ജിയും അടക്കമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളല്ല കമ്യൂണിസ്റ്റുകളാണ് യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിന്റെ പ്രധാന ശത്രുക്കള്‍.

ഈ പകയില്‍ ചാമ്പലായിരിക്കുന്നത് നിരവധി ജീവനുകള്‍ കൂടിയാണ്. രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയ സംസ്ഥാനങ്ങളില്‍ പ്രധാന സ്ഥാനമാണ് കേരളത്തിനുള്ളത്. ആര്‍.എസ്.എസിനെ സംബന്ധിച്ച് അവര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും അധികം ശാഖകള്‍ ഉള്ളതും കേരളത്തിലാണ്. അതുപോലെ തന്നെ ബലിദാനികളുടെ എണ്ണവും ഇവിടെ തന്നെയാണുള്ളത്. സി.പി.എമ്മിനെ സംബന്ധിച്ചും ഏറ്റവും അധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ആര്‍.എസ്.എസുമായുള്ള ഏറ്റുമുട്ടലിലാണ്.

കൊണ്ടും കൊടുത്തും മുന്നേറിയ ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. കാവി രാഷ്ട്രീയം ഇപ്പോഴും ഗതികിട്ടാതെ അലയുന്നതും ഈ മണ്ണിലെ ചുവപ്പിന്റെ ‘സാന്നിധ്യം’ ഒന്നു കൊണ്ടു മാത്രമാണ്. സകല കേന്ദ്ര മന്ത്രിമാരെയും ബി.ജെ.പി മുഖ്യമന്ത്രിമാരെയും രംഗത്തിറക്കി അമിത് ഷായുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഒരു മാര്‍ച്ച് നടത്തിയതും ഈ കൊച്ചു കേരളത്തിലാണ്. ചുവപ്പ് ഭീകരതക്കെതിരെ ആയിരുന്നു ഈ പ്രതിഷേധം. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിനു പുറത്ത് യാത്രാ വിലക്കും സംഘപരിവാര്‍ ഏര്‍പ്പെടുത്തുകയുണ്ടായി. പിന്നീട് ഒരു ആര്‍.എസ്.എസ് നേതാവ് പിണറായിയുടെ തലയ്ക്ക് ‘ഇനാം’ പ്രഖ്യാപിക്കുന്നതും ഈ രാജ്യം കണ്ടതാണ്. ഇത്തരം ഒരു എതിര്‍പ്പ് മമത അടക്കമുള്ള ഒരു പ്രതിപക്ഷ നേതാക്കളും ഇതുവരെ നേരിട്ടിട്ടില്ല. സി.പി.എമ്മിനെ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. അതു തന്നെയാണ്.

സംഘ പരിവാറിനെ മാധ്യമങ്ങളിലൂടെയല്ല പ്രത്യായശാസ്ത്രപരമായി തന്നെയാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേരിടുന്നത്. ബംഗാളില്‍ കാവിക്ക് വളമിട്ടത് തൃണമൂലാണ്. കോണ്‍ഗ്രസ്സ് ഒന്നാകെ ബി.ജെ.പി ആയി മാറിയപ്പോയാണ് ത്രിപുരയിലും അവര്‍ പിടിമുറുക്കിയിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് തൃണമൂലും ബി.ജെ.പിയും പയറ്റി കൊണ്ടിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഒറ്റ വര്‍ഗ്ഗീയ കലാപം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ബംഗാളിലും ത്രിപുരയിലും വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറി കഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഭവമാണിത്.

ഈ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നും എന്നു മോചനം നേടുന്നുവോ അന്നു മാത്രമേ ഈ സംസ്ഥാനങ്ങളില്‍ സമാധാനവും പുലരുകയൊള്ളൂ. എന്തൊക്കെ പോരായ്മകളും എതിര്‍പ്പുകളും ചൂണ്ടിക്കാട്ടിയാലും ഇടതുപക്ഷം ഭരിക്കുമ്പോള്‍ വീട്ടില്‍ സ്വസ്ഥമായി കിടന്നുറങ്ങാനുള്ള സാഹചര്യം ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങള്‍ക്കുണ്ടായിരുന്നു. അതാണിപ്പോള്‍ നഷ്ടമായിരിക്കുന്നത്. മമതയെ വീരശൂര പരാക്രമി ആക്കുന്നവര്‍ അതും ഓര്‍ക്കുന്നത് നല്ലതാണ്.

EXPRESS KERALA VIEW

Top