pinarayi and ias-officers meeting start

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുത്ത വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നു. മുഖ്യമന്ത്രിയെ കാണുന്നത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം. മുഖ്യമന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്ച. ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

തിങ്കളാഴ്ച കൂട്ടഅവധിയെടുക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ പലരും ചീഫ് സെക്രട്ടറിക്ക് അവധി അപേക്ഷനല്‍കി.

ജേക്കബ് തോമസ് നിയമം കൈയിലെടുക്കുന്നുവെന്നും അധികാരദുര്‍വിനിയോഗം നടത്തുന്നുവെന്നുമാണ് പ്രധാനപരാതി. ഐ.എ.എസ്. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ വിജിലന്‍സ് കേസുകളില്‍ പ്രതികളാക്കുന്നു. തന്റെ നിയമവിരുദ്ധനടപടികള്‍ ചൂണ്ടിക്കാട്ടിയവരോടും ചോദ്യംചെയ്തവരോടും പ്രതികാരം ചെയ്യുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

അഴിമതിനിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ട കേസുകളില്‍ ജേക്കബ് തോമസ് ഉള്‍പ്പെട്ടെങ്കിലും സര്‍ക്കാര്‍ നിസ്സംഗതപാലിക്കുന്നതായും ആക്ഷേപമുണ്ട്. അതിനിടെ, ഐ.എ.എസ്. ഉദ്യോഗസ്ഥരും ജേക്കബ് തോമസുമായുള്ള പോര് ഭരണസ്തംഭനത്തിലേക്ക് എത്താതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമംതുടങ്ങി. ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാന്‍ മന്ത്രിതലത്തില്‍ അനൗപചാരികചര്‍ച്ചകള്‍ ഞായറാഴ്ച നടന്നു. എന്നാല്‍ തിങ്കളാഴ്ച കൂട്ടഅവധിയെടുക്കുക എന്നതീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ധാരണ.

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ചേര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ യോഗമാണ് ജേക്കബ് തോമസിനെതിരെ പരസ്യപ്രതിഷേധത്തിന് തീരുമാനമെടുത്തത്.
ബന്ധുനിയമനവിഷയത്തില്‍ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കി വിജിലന്‍സ് ക്രിമിനല്‍കേസ് എടുത്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.

Top