എസ്.ഡി.പി.ഐയുടെ ആ നീക്കം പാളി, പിണറായിക്കെതിരെ പറയില്ലന്ന് ആസാദ്

ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ ശകതമായി എതിര്‍ക്കപ്പെടേണ്ടതാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതയും.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി മുന്‍ നിര്‍ത്തി നാട്ടില്‍ അശാന്തി സൃഷ്ടിക്കാനാണ് ഇപ്പോള്‍ വ്യാപക ശ്രമം നടക്കുന്നത്.

ഈ വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് മതനിരപേക്ഷ സമൂഹത്തിന്റെ ബാധ്യതയാണ്.

കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധ നടപടിയെ ചെറുക്കാന്‍ ഒരു മതത്തിന്റെയും ബാനറിലല്ല ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഒരു മത ചിഹ്നവും പ്രദര്‍ശിപ്പിക്കാതെ കേരളം ഒറ്റക്കെട്ടായി തീര്‍ത്ത മനുഷ്യ മഹാ ശൃംഖല തന്നെ ഇതിന് ഉദാഹരണമാണ്.

80 ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഈ പ്രതിഷേധ ശൃംഖല തന്നെയാണ് രാജ്യത്തെ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റം. ഇത്രയും പേര്‍ പങ്കെടുത്ത ഒരു പ്രതിഷേധം മറ്റൊരു സംസ്ഥാനത്തും ഇതുവരെ നടന്നിട്ടില്ല.

ജാതിക്കും മതത്തിനും അപ്പുറം, മനുഷ്യരെ ഒന്നായി കണ്ട് ഇടതുപക്ഷമാണ് മഹാ ശൃംഖല സംഘടിപ്പിച്ചിരുന്നത്. ഇത്തരം ഒരു ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനുള്ള ശേഷിയും ചെമ്പടക്ക് മാത്രമാണുള്ളത്.

സര്‍ക്കാറും ഇടതുപക്ഷവുമെല്ലാം ഒറ്റക്കെട്ടായി സി.എ.എക്ക് എതിരെ പോരാടുമ്പോള്‍ മറ്റൊരു വിഭാഗം അശാന്തി പടര്‍ത്താനാണ് നിലവില്‍ ശ്രമിക്കുന്നത്. പോസ്റ്റാഫീസ് ഉള്‍പ്പെടെ തല്ലിപ്പൊളിക്കുന്നത് ഇത്തരക്കാരാണ്. മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി തന്നെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രക്ഷോഭത്തിന്റെ മറവില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ മതസ്പര്‍ധ വളര്‍ത്താന്‍ നീക്കം നടക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തീവ്രവാദപരമായി ചിന്തിക്കുന്ന വിഭാഗക്കാരാണ് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുളയിലേ നുള്ളിക്കളയേണ്ട പ്രവണതയാണ്.

ജനങ്ങള്‍ ചേരിതിരിയണം എന്ന് ആഗ്രഹിക്കുന്നവരാണ് വര്‍ഗ്ഗീയ ശക്തികള്‍. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും തീവ്ര സംഘടനകളുടെ ലക്ഷ്യം ഒന്നു തന്നെയാണ്. ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക എന്ന തന്ത്രമാണത്.

കേരളത്തില്‍ ഒരു വര്‍ഗ്ഗീയതക്കും വേരോട്ടം ലഭിക്കാത്തത് ഇടതുപക്ഷത്തിന്റെ കരുത്ത് കൊണ്ട് മാത്രമാണ്.

യു.ഡി.എഫിനെ സംബന്ധിച്ച് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമെല്ലാം അനിവാര്യമായ ഘടകങ്ങളാണ്. അതുകൊണ്ടാണ് എസ്.ഡി.പി.ഐയെ പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളിയിരിക്കുന്നത്. ഇവരുടെ എതിര്‍പ്പുപോലും ജനങ്ങളെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.

ജാതി – മത ശക്തികളെ കൂട്ട് പിടിച്ച് വീണ്ടും അധികാരത്തില്‍ വരാനാണ് യു.ഡി.എഫ് ഇപ്പോള്‍ ശ്രമിക്കുന്നത്. സ്വന്തം നിലക്ക് പ്രതിഷേധം നടത്തി വിജയിപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഈ നീക്കം.

എസ്.ഡി.പി.ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിനോടുള്ള കോണ്‍ഗ്രസ്സ് നിലപാടും പകല്‍ പോലെ വ്യക്തമാണ്.

എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും സഹകരിപ്പിക്കില്ലന്ന് ഉറച്ച നിലപാട് സ്വീകരിച്ചത് ഇടതുപക്ഷം മാത്രമാണ്. ഈ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളെ മാറ്റി നിര്‍ത്തി എസ്.എഫ്.ഐയാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരുന്നത്.

സി.എ.എക്ക് എതിരെ കാമ്പസുകളില്‍ എസ്.എഫ്.ഐ ഒറ്റക്കാണ് പ്രതിഷേധം നയിച്ചത്. ഈ അഗ്‌നി, തെരുവിലേക്ക് പടര്‍ന്നപ്പോള്‍ ഡി.വൈ.എഫ്.ഐയും ഏറ്റെടുക്കുകയുണ്ടായി. തുടര്‍ന്ന് ഇടതുപക്ഷ സംഘടനകള്‍ ആകെ രംഗത്തിറങ്ങിയപ്പോള്‍ മനുഷ്യ മഹാ ശൃംഖലയായി അതു മാറുകയാണുണ്ടായത്.

യു.ഡി.എഫ് വോട്ട് ബാങ്ക് തകര്‍ന്ന് തരിപ്പണമായ സാഹചര്യത്തിലാണ് മറുതന്ത്രം കോണ്‍ഗ്രസ്സ് ഇപ്പോള്‍ പയറ്റുന്നത്. തീവ്ര സംഘടനകളോടുള്ള മൃദുസമീപനവും അതുകൊണ്ടാണ്. ഇന്നേ വരെ കോണ്‍ഗ്രസ്സ് പിന്തുടര്‍ന്ന സെക്യുലര്‍ നിലപാടുകള്‍ക്ക് വിരുദ്ധമാണത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സ് നിലവില്‍ ചിത്രത്തിലില്ല. അത് കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ അങ്ങനെയാണ് കാര്യങ്ങള്‍. സ്വന്തം മുന്നണിയിലെ ഘടക കക്ഷികളെ പോലും സര്‍വ്വകക്ഷി യോഗത്തില്‍ എത്തിക്കാന്‍ പറ്റാത്ത നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

കൊട്ടിഘോഷിച്ച് യു.ഡി.എഫ് കേരളത്തില്‍ സംഘടിപ്പിച്ച മനുഷ്യ ഭൂപടം പോലും ശ്രദ്ധിക്കപ്പെടാതെ പോയ സമരമുറയാണ്. സ്വന്തം അണികളെ പോലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ മുന്നണി നേതൃത്വം.

പൗരത്വ ഭേദഗതിയില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാഷ്ട്രീയപരമായി വലിയ മേധാവിത്വം ഇടതുപക്ഷത്തിന് നല്‍കിയതായാണ് യുഡിഎഫ് നേതാക്കള്‍ തന്നെ സ്വയം വിലയിരുത്തുന്നത്.

മുസ്ലീംലീഗ് ശക്തികേന്ദ്രങ്ങളില്‍ പോലും ചുവപ്പിന് അനുകൂലമായ കാറ്റ് വീശുന്നതില്‍ ലീഗ് നേതൃത്വവും അസ്വസ്ഥരാണ്.

ഇതിനെ മറികടക്കാന്‍ ലീഗ് നിയമസഭ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍ നടത്തിയ ഉപവാസത്തില്‍ പോലും മൈലേജ് കിട്ടിയതും പിണറായി സര്‍ക്കാറിനാണ്.

ഈ ഉപവാസത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്നത് കത്വ കേസിലെ അഭിഭാഷക ദീപിക സിങ് രജാവത്ത് ആയിരുന്നു. അവരാകട്ടെ പിണറായിയെ പുകഴ്ത്താനാണ് ഈ അവസരം വിനിയോഗിച്ചിരുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ പിണറായി സ്വീകരിച്ച നിലപാട് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നാണ് ദീപിക സിങ് ചൂണ്ടിക്കാട്ടിയത്. കേരള മുഖ്യമന്ത്രി അത്തരം ഒരു നിലപാട് സ്വീകരിച്ചതോടു കൂടിയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കും അത് പിന്തുടരാനായതെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പാത പിന്തുടര്‍ന്ന് പഞ്ചാബ്, രാജസ്ഥാന്‍, ബംഗാള്‍ നിയമസഭകളും അടുത്തയിടെ പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പ്രമേയം പാസാക്കണമെന്നാണ് ഹൈക്കമാന്റും നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ആദ്യമായി ഒരു ഹര്‍ജി നല്‍കിയ സംസ്ഥാനവും കേരളമാണ്. പ്രതിഷേധ രംഗത്ത് പുതിയ പോര്‍മുഖം തുറന്ന ഇടതു സര്‍ക്കാറിന്റെ ഈ നിലപാടാണ് ദീപിക സിങ് രജാവത്തിനെയും ഇപ്പോള്‍ സ്വാധീനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെല്ലാം അണിനിരന്ന വേദിയില്‍ തന്നെ, മുഖ്യമന്ത്രിയെ അവര്‍ അഭിനന്ദിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അന്തം വിട്ട്, ഈ പ്രശംസ കേട്ടുകൊണ്ടിരിക്കാന്‍ മാത്രമേ യുഡിഎഫ് നേതാക്കള്‍ക്കും കഴിഞ്ഞിരുന്നൊള്ളു.

യുഡിഎഫ് വോട്ട് ബാങ്കില്‍ നിന്നും വലിയ ഒരു ഒഴുക്കാണ് ഇടതുപക്ഷത്തേക്ക് ഉണ്ടായിരിക്കുന്നത്. മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് പ്രാദേശിക നേതാവിനെ പുറത്താക്കിയതും ലീഗിനിപ്പോള്‍ തിരിച്ചടിയായിട്ടുണ്ട്. ഇങ്ങനെ പുറത്താക്കാന്‍ തുടങ്ങിയാല്‍ ആയിരങ്ങളെയാണ് ഇനിയും ലീഗിന് പറത്താക്കേണ്ടി വരിക.

ലീഗിന്റെ ഈ നിസഹായാവസ്ഥ മുതലെടുക്കാന്‍ എസ്.ഡി.പി.ഐയാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതേ ചൊല്ലി ലീഗിലും യു.ഡി.എഫിലും ശക്തമായ ഭിന്നതയും രൂപപ്പെട്ടിട്ടുണ്ട്. എസ്.ഡി.പി.ഐക്ക് എതിരെ ശക്തമായ നിലപാടെടുത്ത യുവ നേതാക്കളാണ് നേതൃത്വത്തെ ചോദ്യം ചെയ്യുന്നത്.ഇടതുപക്ഷത്തെ കണ്ടു പഠിക്കണമെന്നാണ് ഇവരും ആവശ്യപ്പെടുന്നത്.

തീവ്ര സംഘടനകള്‍ക്കെതിരെ നിലപാടുള്ള ന്യൂനപക്ഷ വിഭാഗത്തെ ഒപ്പം നിര്‍ത്തിയാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്.

ഇടതിന്റെ ഈ നിഷ്പക്ഷ സമീപനം ഭൂരിപക്ഷ സമുദായത്തിനിടയിലും പ്രീതി പിടിച്ചു പറ്റാന്‍ കാരണമായിട്ടുണ്ട്.

സംഘപരിവാര്‍ സംഘടനകള്‍ക്ക് മുതലെടുക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.

ഒരേ സമയം ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷത്തിന്റെയും പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞതാണ് പിണറായിയുടെ വലിയ നേട്ടം.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ രാജ്ഭവന്‍ മാര്‍ച്ചില്‍ എസ്.ഡി.പി.ഐ പങ്കെടുപ്പിച്ചത് തന്നെ പിണറായിക്ക് ഒരു ‘ബദല്‍’ കാട്ടാനായിരുന്നു.

പ്രവര്‍ത്തകരെ ജയിലിലടച്ചതിനെതിരെ ആസാദിനെ കൊണ്ട് പ്രതികരിപ്പിക്കാനും ശ്രമമുണ്ടായി.എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങിയില്ലന്നതാണ് യാഥാര്‍ത്ഥ്യം.

താനല്ല, ദേശീയ തലത്തില്‍ തന്നെ, ഇപ്പോള്‍ റിയല്‍ ഹീറോ പിണറായിയാണെന്ന് ഏറ്റവും നന്നായി അറിയാവുന്നതും ചന്ദ്രശേഖര്‍ ആസാദിനാണ്.

സി.എ.എക്ക് എതിരായ കേരളത്തിന്റെ പ്രമേയം മുതല്‍ സുപ്രീം കോടതിയെ സമീപിച്ചത് വരെ അതിന്നുള്ള ഉദാഹരണങ്ങളാണ്. മമത ബാനര്‍ജിക്ക് പോലും നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ പിണറായിയുടെ കത്ത് ലഭിക്കേണ്ടി വന്നു എന്നതും ആസാദിന് വ്യക്തമാണ്.

ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ ഏറ്റവും കടുത്ത ശത്രുവും പിണറായിയും സിപിഎമ്മുമാണ്.

കമ്യൂണിസ്റ്റുകളും സംഘപരിവാറും തമ്മിലുള്ള ഭിന്നത പ്രത്യോയ ശാസ്ത്രപരമായി തന്നെ ഉള്ളതാണ്. കാവി പ്രത്യേയ ശാസ്ത്രത്തിന് എന്നും വില്ലന്‍ ചെങ്കൊടി തന്നെയാണ്. അത് ഒരു കൊടിയാണെങ്കില്‍ പോലും ആര്‍.എസ്.എസ് ഗൗരവമായാണ് നോക്കി കാണുക.

രാജ്യത്ത് ഏറ്റവും അധികം ആര്‍.എസ്.എസ് ശാഖകള്‍ ഉള്ളതും കേരളത്തിലാണ്.അതു പോലെ തന്നെ ‘ബലിദാനികളും’ അവര്‍ക്ക് കൂടുതലുള്ളത് ഈ മണ്ണില്‍ നിന്നാണ്. പ്രതിസ്ഥാനത്താകട്ടെ കമ്യൂണിസ്റ്റുകളുമാണ്. ചെറുത്ത് നില്‍പ്പില്‍ ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന കമ്യൂണിസ്റ്റുകളും അനവധിയാണ്. ചോരയിലെഴുതിയ ഈ ചരിത്രം എസ്.ഡി.പി.ഐ മറച്ച് പിടിച്ചാലും ഭീം ആര്‍മി നേതാവിന് മറക്കാന്‍ കഴിയുന്നതല്ല. പൊലീസ് പിടിക്കുമെന്ന് പേടിച്ച് ഓടിയൊളിച്ച ചന്ദ്ര ശേഖര്‍ ആസാദിന്റെ വീര്യമല്ല, കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. നേര്‍ക്ക് നേര്‍ പൊരുതി മുന്നേറിയ ചരിത്രമാണ് ചെമ്പടക്കുള്ളത്.

ചന്ദ്ര ശേഖര്‍ ആസാദ് പ്രതിനിധീകരിക്കുന്ന ദളിത് വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ അന്തസ്സും അവകാശവും നേടി കൊടുത്തതും കമ്യൂണിസ്റ്റുകളാണ്, ഇടതുപക്ഷ സര്‍ക്കാറുകളാണ്.

ചോര വീണ് ചുവന്ന ഈ മണ്ണില്‍ നിന്നും കമ്യൂണിസ്റ്റുകള്‍ക്കെതിരെ ആസാദ് വാ തുറക്കാതിരുന്നത് ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൂടിയാണ്.

ഭരണഘടന സംരക്ഷണമാണ് പ്രധാനമായും ഇടതുപക്ഷം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന മുദ്രാവാക്യം. അതിന് വേണ്ടിയുള്ള പോരാട്ടമാണ് അവരിപ്പോള്‍ നടത്തിവരുന്നത്.

ജാതിക്കും മതത്തിനും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്നവരാണ് കമ്യൂണിസ്റ്റുകള്‍. ഈ പോരാളികളുടെ പക്ഷം ജനപക്ഷമാണ്. അല്ലാതെ മതപക്ഷമല്ല.

ഇരു മതവിഭാഗത്തിലെയും തീവ്ര സംഘടനകളെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിനു കഴിയുന്നതും ഈ നേര്‍മകൊണ്ടാണ്. ഇത്തരം നിലപാടുകള്‍ കോണ്‍ഗ്രസ്സിന് സ്വീകരിക്കാന്‍ കഴിയാത്തതാണ് ആ പാര്‍ട്ടി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.

രാഹുലിനെ വയനാട്ടില്‍ വീണ്ടുമിറക്കിയും ഭൂപടം രചിച്ചും സ്വയം അപഹാസ്യരാവുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്.

പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ട രൂപത്തിലാണ് പ്രതികരിക്കേണ്ടത്. അതല്ലാതെ കമ്യൂണിസ്റ്റുകള്‍ നേട്ടം കൊയ്യുമെന്ന് ഭയന്ന് പൊറാട്ടു നാടകം നടത്തുകയല്ല ചെയ്യേണ്ടത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ അമേഠി കൈവിട്ടപ്പോള്‍ രാഹുലിന് കൈ കൊടുത്തത് വയനാടാണ്.

ന്യൂനപക്ഷ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് 20 ല്‍ 19 സീറ്റും നേടാന്‍ യു.ഡി.എഫിന് അന്ന് കഴിഞ്ഞിരുന്നത്.

ഈ നന്ദി ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ, രാഹുല്‍ പോലും വൈകി ഉണരില്ലായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളം പോലും കിട്ടാക്കനിയായി മാറുന്ന സാഹചര്യത്തിലേക്കാണ് യു.ഡി.എഫിനെ കൊണ്ടു പോകുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തുണച്ച ഘടകങ്ങളെല്ലാം നിലവില്‍ ഇടതുപക്ഷത്തിന് അനുകൂലമാണ്.

ഭരണ തുടര്‍ച്ച എന്ന ലക്ഷ്യത്തിലേക്ക് പിണറായിയെ സംബന്ധിച്ച് ദൂരം ഇനി ഏറെ അകലെയല്ല. രണ്ടാമതും ‘ ഗോള’ടിക്കാന്‍ പിണറായിക്ക് അവസരം നല്‍കുന്നത് കോണ്‍ഗ്രസ്സാണ്. അവരുടെ സമീപനങ്ങളും, വീഴ്ചകളുമാണ് ചെമ്പടക്ക് കരുത്ത് നല്‍കിയിരിക്കുന്നത്. ഇനി ഒരു തവണ കൂടി ഇടതു പക്ഷത്തിന് അധികാരം കിട്ടിയാല്‍ മറ്റൊരവസരം കോണ്‍ഗ്രസ്സിന് ലഭിച്ചെന്ന് വരികയില്ല. അധികാരമില്ലാത്ത സാഹചര്യത്തില്‍ യു.ഡി.എഫ് സംവിധാനം തന്നെയാണ് തകര്‍ന്നു പോകുക.

Political Reporter

Top