നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് എല്‍ദോ ഏബ്രഹാം ; ക്ഷുഭിതനായി രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷ സിപിഐ എംഎല്‍എയോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സംഭവം.

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം നല്‍കണമെന്ന് മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ ഏബ്രഹാം പറഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതുള്‍പ്പെടെ എല്‍ദോ മുന്നോട്ട് വച്ച ആവശ്യങ്ങളുടെ എണ്ണം നീണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി എഴുന്നേറ്റു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെത്രയാണെന്നോ സംസ്ഥാന സര്‍ക്കാരിന് അല്ലാതെ ലഭിച്ചതെത്രയാണെന്നോ ബഹുമാനപ്പെട്ട അംഗത്തിന് എന്തെങ്കിലും ബോധ്യമുണ്ടോ എന്ന് കര്‍ക്കശ സ്വരത്തിലാണ് മുഖ്യമന്ത്രി ചോദിച്ചത്. ഇതിനു പിന്നാലെ സര്‍ക്കാരിനെ ന്യായീകരിച്ചും കേന്ദ്രത്തിന്റെ സഹായം അപര്യാപ്തമാണെന്നും എല്‍ദോ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ നാശനഷ്ടം അനുഭവിക്കേണ്ടി വന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ ആവശ്യപ്പെട്ടു. പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷമായി ഉയര്‍ത്തണമെന്ന് ഏറനാട് എംഎല്‍എ പി.കെ. ബഷീറാണ് ആദ്യം ആവശ്യപ്പെട്ടത്. വീടു തകര്‍ന്നവരോടു തകര്‍ന്ന വീടിന്റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവര്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്നും ബഷീര്‍ ചോദിച്ചു.

Top