കൊല്ലത്ത് കുട്ടിക്കെതിരായ അതിക്രമം തുറന്നുകാട്ടിയ അധ്യാപികയെ പുറത്താക്കിയത് ശരിയല്ലെന്ന്‌ മുഖ്യന്‍

pinarayi

തിരുവനന്തപുരം: കുട്ടികളോട് കാണിക്കുന്ന ക്രൂരതകള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് പിഞ്ചോമനയ്ക്ക് നേരെ നടന്ന ക്രൂരത പുറത്തുകൊണ്ടുവന്ന അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ട വാര്‍ത്ത അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ചവറയില്‍ രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ച സംഭവം വെളിച്ചത്തു കൊണ്ടുവന്ന അധ്യാപികയെ പുറത്താക്കിയതില്‍ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലാണ് പ്രതികരിച്ചത്.

കുട്ടി അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ചാണ് രണ്ടാനമ്മ കുട്ടിയുടെ ശരീരത്ത് ചട്ടുകം പഴുപ്പിച്ച് വെച്ചത്. ശരീരത്തിന്റെ പിന്‍ഭാഗത്തെല്ലാം കുട്ടിക്ക് പൊള്ളലേറ്റിരുന്നു, ഇരിക്കാന്‍ പോലും കഴിയാതെ പൊള്ളലേറ്റ കുട്ടിയുടെ അവസ്ഥ പുറം ലോകത്ത് എത്തിച്ച അധ്യാപികയെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കുട്ടികള്‍ നമ്മുടെ നാടിന്റെ സമ്പത്താണ് . അവര്‍ ശരിയായ ദിശയില്‍ വളര്‍ന്നു വലുതാവുകയും വേണം. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണ്. അത്തരം ക്രൂരതകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അഭിനന്ദാര്‍ഹം തന്നെ.

കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു പിഞ്ചോമനയക്ക് നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണിത്. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് ആ സ്‌കൂള്‍ മാനേജ്‌മെന്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വീടു പോലെ തന്നെ കുട്ടികള്‍ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്‌കൂളുകള്‍. ഇത്തരം വിഷയങ്ങളില്‍ നിയമപരമായ മാര്‍ഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നല്‍.

Top