പറയാനുള്ളത് പറഞ്ഞോളൂ, സൗജന്യമൊന്നും ഇടതുപക്ഷത്തിനു വേണ്ട ; രാഹുലിനോട് മുഖ്യമന്ത്രി

കൊച്ചി: ജയിക്കുന്നവര്‍ കാലുമാറില്ലെന്ന് പരസ്യം നല്‍കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്നത്തെ ബിജെപി മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു നേതാക്കള്‍ എന്നിവരില്‍ ഗണ്യമായ ഭാഗവും കോണ്‍ഗ്രസില്‍നിന്നു പോയവരാണ്. ഒരു നിമിഷംകൊണ്ട് കോണ്‍ഗ്രസ് വിടാനും ബിജെപിയിലേക്ക് ചേക്കേറാനും അവര്‍ക്ക് തടസ്സമില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ച് നേരെ ബിജെപിയിലേക്കു പോകുന്നു.
ഇങ്ങനെ നാണംകെട്ട അവസ്ഥ രാജ്യത്ത് ഏതെങ്കിലും പാര്‍ടിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുടെ വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. വോട്ട് ചെയ്യുമ്പോള്‍ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം.
വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നവരെ മാത്രമേ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തില്‍നിന്നു തെരഞ്ഞെടുക്കാവൂ. രാജ്യത്ത് ബിജെപി പരാജയപ്പെടണം എന്ന് ഏവരും ആഗ്രഹിക്കുന്നു.

എന്നാല്‍, ആ ബിജെപിക്കെതിരെ ആത്മാര്‍ഥതയോടെ അണിനിരക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് കഴിയുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വന്നപ്പോള്‍ ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്, അത് പറഞ്ഞോളൂ. സൗജന്യമൊന്നും ഇടതുപക്ഷത്തിനു വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈറ്റില, മട്ടാഞ്ചേരി, പറവൂര്‍ മൂത്തകുന്നം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Top