പ്രളയക്കെടുതി ; പ്രത്യേക പാക്കേജിനായി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി : പ്രളയക്കെടുതികള്‍ അതിജീവിക്കാന്‍ കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പാക്കേജ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ നിവേദനം ഒരാഴ്ചക്കുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

4796 കോടിയുടെ സഹായമാണ് നേരത്തെ കേരളം കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. 40000 കോടിക്ക് മുകളില്‍ നാശനഷ്ടം കണക്കാക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പാക്കേജിലൂടെ വിവിധ പദ്ധതികളുടെ രൂപത്തില്‍ കൂടുതല്‍ തുക നേടിയെടുക്കാനാണ് കേരളത്തിന്റെ ശ്രമം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ നിവേദനം തയ്യാറാക്കി ഈ മാസം അവസാനത്തോടെ കേന്ദ്രത്തിന് സമര്‍പ്പിക്കും.

ഇതിനിടെ കഴിഞ്ഞ മൂന്ന് ദിവസമായി പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടും ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് കൈമാറും. ഇത് രണ്ടും പരിഗണിച്ചാകും കേരളത്തിനുള്ള കേന്ദ്രസഹായം.

Top