ഇടതുപക്ഷം വൻ വിജയം നേടിയാൽ കേരളം പ്രതിപക്ഷത്തിന് സ്വപ്നമാകും

ലോക്‌സഭ തെഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ വിജയം നേടിയാല്‍ കേരളം പ്രതിപക്ഷത്തെ സംബന്ധിച്ച് കിട്ടാക്കനിയായി മാറും. ഞായറാഴ്ച നടന്ന കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തക പങ്കാളിത്വത്തില്‍ 20 മണ്ഡലങ്ങളും ചുവപ്പണിയിച്ച സി.പി.എം പ്രവര്‍ത്തകര്‍ വലിയ ആത്മവിശ്വാസത്തിലാണ്. ഭൂരിപക്ഷം മണ്ഡലങ്ങളും തൂത്ത് വരുമെന്ന് തന്നെയാണ് ചെമ്പടയുടെ കണക്കുകൂട്ടല്‍.

വടകരയിലും കൊല്ലത്തും കണക്ക് തീര്‍ക്കുന്ന വിജയം സാധ്യമാകുമെന്നും പത്തനംതിട്ടയില്‍ അട്ടിമറി വിജയം നേടി ഞെട്ടിക്കുമെന്നുമാണ് സി.പി.എം നേതൃത്വം പറയുന്നത്. ഈ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 15 മണ്ഡലങ്ങളില്‍ വിജയ സാധ്യത ഉണ്ടെന്നാണ് അവകാശവാദം. ചില മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ മറിച്ചാലും വിജയം ഇടതുപക്ഷത്തിന് തന്നെയെന്ന കാര്യത്തിലും സി.പി.എം നേതാക്കള്‍ക്ക് തര്‍ക്കമില്ല.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാ മെഷിനറി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് സി.പി.എം തെഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്രയും വിപുലമായ കേഡര്‍ സംവിധാനം മറ്റു പാര്‍ട്ടികള്‍ക്കില്ല എന്നത് ചെമ്പടയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും പാര്‍ട്ടി വോട്ടുകള്‍ പെട്ടിയില്‍ വീഴുകയും ചെയ്താല്‍ ഇടതുപക്ഷം നേട്ടം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതിന് പ്രധാന കാരണം ശക്തമായ ത്രികോണ മത്സരമാണ് മിക്കയിടത്തും നടക്കുന്നത് എന്നതാണ്. മാത്രമല്ല ശബരിമല വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരേ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിനാല്‍ വോട്ട് ഭിന്നിപ്പിനുള്ള സാധ്യതയും തള്ളികളയാന്‍ കഴിയില്ല.

അവസാനത്തെ പാര്‍ട്ടി വോട്ടും ചെയ്യിപ്പിക്കുക എന്ന നിര്‍ദ്ദേശമാണ് സി.പി.എം നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

അഭിപ്രായ സര്‍വേകള്‍ക്കും മീതെ ഒരു വിധിയെഴുത്ത് ഇടതിന് അനുകൂലമായി ഉണ്ടായാല്‍ പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച ഇപ്പോഴെ ഉറപ്പാകും.

ഇത്തരമൊരു സാഹചര്യത്തില്‍ യു.ഡി.എഫ് പിളര്‍പ്പിലേക്ക് നീങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വലിയ പൊട്ടിത്തെറി കോണ്‍ഗ്രസ്സിലാണ് ഉണ്ടാകുക.

അധികാരം ഇല്ലാത്തപ്പോള്‍ കൂടുതല്‍ ശക്തരാകുന്ന സി.പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും അവസ്ഥയല്ല യു.ഡി.എഫിലുള്ളത്. അവിടെ കോണ്‍ഗ്രസ്സായാലും മുസ്ലിം ലീഗായാലും കേരള കോണ്‍ഗ്രസ്സായാലും അധികാരം ഇല്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്.

അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറും എന്ന പ്രതീക്ഷയില്‍ മാത്രം ദിവസങ്ങള്‍ എണ്ണി തീര്‍ത്ത് മുന്നോട്ട് പോകുന്നവരാണ് യു.ഡി.എഫ് മുന്നണിയിലെ നേതാക്കള്‍.

പിണറായി സര്‍ക്കാരിനെതിരെ ഇത്രയും ശക്തമായ പ്രചരണങ്ങള്‍ നടത്തിയിട്ടും സകല കുത്തക മാധ്യമങ്ങളും ഒപ്പം ഉണ്ടായിട്ടും വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ യു.ഡി.എഫ് പിരിച്ചുവിടുക തന്നെയായിരിക്കും നല്ലത്.

ഈ യാഥാര്‍ത്ഥ്യം നല്ലത് പോലെ അറിയുന്നത് കൊണ്ടാണ് അമേഠിക്ക് പുറത്ത് മത്സരിക്കാന്‍ രാഹുല്‍ മണ്ഡലം തേടിയപ്പോള്‍ കേരള നേതാക്കള്‍ അദ്ദേഹത്തെ റാഞ്ചിയെടുത്തത്.

രാഹുല്‍ തരംഗത്തില്‍ കേരളം തൂത്ത് വാരാമെന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയെ കടത്തിവെട്ടി ഇടതുപക്ഷം മറ്റൊരു റോഡ് ഷോ നടത്തിയതോടെ ആ പ്രതീക്ഷയും മങ്ങി. 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് പ്രവചിച്ചവര്‍ ഇപ്പോള്‍ മാന്യമായ ഭൂരിപക്ഷമെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്ന പ്രാര്‍ത്ഥനയിലാണ്.

ന്യൂനപക്ഷ സംരക്ഷകന്റെ പട്ടം രാഹുല്‍ ഗാന്ധിക്ക് ചാര്‍ത്തി കൊടുക്കുമ്പോള്‍ ഇവിടെ പിണറായിയാണ് ഭരിക്കുന്നത് എന്ന കാര്യം കോണ്‍ഗ്രസ്സ് നേതാക്കള്‍ ഓര്‍ക്കാതെ പോയതാണ് വലിയ വീഴ്ചയായത്. സംഘപരിവാര്‍ നേതാവ് തന്നെ തലക്ക് ഇനാം പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നതും കേരളത്തിലെ കോണ്‍ഗ്രസ് നോതാക്കള്‍ ഓര്‍ത്തില്ല.

സ്വന്തം മണ്ഡലത്തില്‍ പോലും രാഹുലിന് തരംഗം ഉണ്ടാക്കാന്‍ കഴിയാതിരുന്നതിനാല്‍ അവസാന ലാപ്പില്‍ വീണ്ടും പ്രിയങ്ക ഗാന്ധിയെയും അവരുടെ മകളെയും വരെ കൊണ്ടുവരേണ്ട ഗതികേടും കോണ്‍ഗ്രസ്സിനുണ്ടായി.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി കുപ്പായം തുന്നി ഇരിക്കുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലനില്‍പ്പിനുള്ള പോരാട്ടമായാണ് ലോകസഭ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇവിടെ പിഴച്ചാല്‍ പാര്‍ട്ടിയിലും മുന്നണിയിലും കാര്യങ്ങള്‍ പന്തിയല്ലെന്ന ബോധം ഇരു നേതാക്കള്‍ക്കുമുണ്ട്.

സര്‍വേനല്‍കിയ ആത്മവിശ്വാസത്തിലിരുന്ന യു.ഡി.എഫ് നേതാക്കളെ കൊട്ടിക്കലാശ ദിവസത്തില്‍ ഇടതുപക്ഷം ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റമാണ് ചങ്കിടിപ്പിക്കുന്നത്. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ മൂന്നാമതായി പോകുമോ എന്ന ആശങ്കയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലുണ്ട്.

Express Kerala View

Top