pinaray vijayan-strict etiquette in ministers personel staffs

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെരുമാറ്റ ചട്ടം വരുന്നു… മുഖ്യമന്ത്രി മുന്‍കൈ എടുത്ത് തിങ്കളാഴ്ച വിളിച്ച് ചേര്‍ക്കുന്ന യോഗത്തില്‍ ഇതു സംബന്ധമായ നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പല മന്ത്രിമാരുടെയും സ്റ്റാഫിലെ അംഗങ്ങള്‍ നിയമവിരുദ്ധകാര്യങ്ങളില്‍ ഇടപെടുന്നതായും ഉദ്ദ്യാഗസ്ഥരെ വിരട്ടുന്നതായും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിക്കാന്‍ ധാരണയായത്.

അനാവശ്യമായ ഇടപെടല്‍ നടത്തിയതിനും, വന്‍തുക കൈക്കൂലി വാങ്ങിയതിനും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്റ്റാഫിലെ രണ്ട് ഉന്നതര്‍ ഇതിനകം തെറിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഇന്റലിജന്‍സ്, വിജിലന്‍സ് വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി നേരിട്ട് ഇടപെട്ടാണ് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതിന് പുറമേ മറ്റ് ചില പരാതികള്‍കൂടി മന്ത്രിമാരുടെ സ്റ്റാഫുമായി ബന്ധപ്പെട്ട് ഇതിനകം ഉയര്‍ന്ന് വന്നതും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള സ്റ്റാഫുകളിള്‍ ആരും ബന്ധപ്പെട്ട വകുപ്പുകളില്‍ മന്ത്രി അറിയാതെ യാതൊരു ഇടപെടലുകളും നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി യോഗത്തില്‍ നല്‍കുമെന്നാണ് അറിയുന്നത്. മാത്രമല്ല മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ നടത്തുന്ന ഇടപെടലുകളും അനുവദിക്കില്ല.

ഏത് മന്ത്രിയുടെ സ്റ്റാഫിലാണോ പ്രവര്‍ത്തിക്കുന്നത് ആ വകുപ്പില്‍ നല്‍കപ്പെട്ട ചുമതല മാത്രം നിര്‍വഹിക്കുക എന്നതാണ് നിര്‍ദ്ദേശം. മറിച്ചായാല്‍ സ്റ്റാഫില്‍ നിന്ന് തെറിക്കുമെന്ന് മാത്രമല്ല പാര്‍ട്ടി തലത്തിലുള്ള നടപടിയുമുണ്ടാകും.

അഴിമതി സംബന്ധമായ അന്വേഷണം നടത്താന്‍ മന്ത്രിമാരുടെ സ്റ്റാഫുകളാണെന്ന ഒരു ‘പരിഗണന’യും നല്‍കേണ്ടതില്ലന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രിതന്നെ നേരിട്ട് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഏത് പാര്‍ട്ടി നേതാവ് പറഞ്ഞ കാര്യമായാലും വഴിവിട്ട ഒരു കാര്യത്തിനും മന്ത്രിമാരുടെ ഓഫീസില്‍ നിന്ന് ശുപാര്‍ശ നല്‍കുന്ന കാര്യം ഇനി അനുവദിക്കില്ല.

ഓരോ മന്ത്രിമാരുടെയും ഓഫീസില്‍ നിന്ന് കീഴുദ്ദ്യോഗസ്ഥരെ വിളിക്കുന്നതിനും കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും പ്രൈവറ്റ് സെക്രട്ടറി അതല്ലങ്കില്‍ ചുമതലപ്പെടുത്തുന്ന സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ,അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്ക് മാത്രമായിരിക്കും അധികാരം.

മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും, ഉദ്ദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ ഇനി ഇടപെടാന്‍ കഴിയില്ല. മന്ത്രിമാര്‍ക്ക് ലഭിക്കുന്ന നിവേദനങ്ങളിലും മറ്റും ഇടപെടുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി പഠിക്കണമെന്നും അക്കാര്യം ബന്ധപ്പെട്ട മന്ത്രിയെ അറിയിച്ചതിന് ശേഷം മാത്രമേ ഫോളോഅപ്പ് ചെയ്യാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവും സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കും.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്റ്റാഫുകളെ ഉടനെതന്നെ പുറത്താക്കും. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക മോണിറ്ററിംങ്ങ് സംവിധാനം തന്നെ രഹസന്വേഷണ വിഭാഗം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

മന്ത്രി കടകംപള്ളിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീവല്‍സകുമാറിനെ പുറത്താക്കിയത് ഒരു കോടി രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് അടിയന്തരയോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഈ ഇടപാടിന് പിന്നില്‍ തലസ്ഥാനത്തെ ഒരു പ്രമുഖ സിപിഎം നേതാവാണെന്നാണ് ആരോപണം.

ഒരു മാസത്തിനിടെ ഇത്തരത്തില്‍ കടകംപള്ളിയുടെ ഓഫീസില്‍ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെയാളാണ് പികെ ശ്രീവല്‍സ കുമാര്‍. ഹൈക്കോടതില്‍ നിലനില്‍ക്കുന്ന ഒരു കേസില്‍ ഇടപെട്ടതിനായിരുന്നു നടപടി.

Top