വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് കാലാവധി നീട്ടിനല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് കാലാവധി നീട്ടിനല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

അതേസമയം വിഴിഞ്ഞം പദ്ധതി നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കാനാകില്ലെന്ന് ചര്‍ച്ചയില്‍ കരണ്‍ അദാനി അറിയിച്ചു. അതിനാല്‍ കാലാവധി നീട്ടിനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ ഉപകരണങ്ങള്‍ കൊണ്ടുവന്ന് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ചുഴലി അടക്കമുള്ള പ്രതികൂല കാലാവസ്ഥ വിഷയങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസമായതിനാലാണ് പദ്ധതി വൈകുന്നതെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ഇക്കാര്യം കാണിച്ചുകൊണ്ടുള്ള കത്ത് അദാനി ഗ്രൂപ്പ്, വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന് നല്‍കിയിരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതും ഒരു കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാണിച്ചിരുന്നു.

ഈ വര്‍ഷം ഡിസംബറില്‍ പദ്ധതി തീര്‍ന്നില്ലെങ്കില്‍ ദിവസം 12 ലക്ഷം രൂപ വീതം കരാര്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് നല്‍കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് ഓഖി ദുരന്തത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അദാനിയുടെ നീക്കം. ഓഖിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

Top