pinaray Vijayan provide robust power and confidence to kerala police

തിരുവനന്തപുരം: ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയിലെ ഏത് മുഖ്യമന്ത്രിക്ക് കഴിയും?

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ പരസ്പരം ചോദിക്കുന്നതാണിത്.

ഏത് സര്‍ക്കാര്‍ ഭരണത്തില്‍ കയറിയാലും ഭരിക്കുന്ന പാര്‍ട്ടി പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് കയ്യാളുന്ന പ്രമുഖ പാര്‍ട്ടികള്‍ പറയുന്നതിനപ്പുറം പൊലീസില്‍ ഒരു പരിധി വരെ കാര്യങ്ങള്‍ നടക്കാത്ത സാഹചര്യമാണ് പിണറായി മാറ്റിമറിക്കാന്‍ ഒരുങ്ങുന്നത്.

സ്വന്തം പാര്‍ട്ടിക്കാരായാലും പ്രതിപക്ഷ പാര്‍ട്ടിക്കാരായാലും രാഷ്ട്രീയം നോക്കി നടപടി വേണ്ടന്നാണ് ക്രമസമാധാന ചുമതലയുള്ള ഐ പി എസ് ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പൊലീസ് സ്റ്റേഷനുകളില്‍ തുല്യ നീതി ഉറപ്പ് വരുത്തണമെന്നും വഴിമുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കാതെ നടപടി സ്വീകരിക്കണമെന്നുമാണ് മറ്റൊരു നിര്‍ദ്ദേശം.

പൊലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്ന ഇത്തരമൊരു നിര്‍ദ്ദേശം മറ്റ് ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിമാര്‍ നല്‍കിയതായി അറിയില്ലന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.

മുന്‍പ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെയാണ് ഇക്കാര്യത്തില്‍ പിണറായി കടത്തിവെട്ടിയിരിക്കുന്നത്. അന്ന് പൊലീസ് ഭരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ആന്റണിയുടെ നടപടി കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

പട്ടാളം ജോസഫ് എന്ന് അറിയപ്പെടുന്ന കെ.ജെ ജോസഫ് ഡിജിപിയായിരുന്ന ആ കാലഘട്ടത്തില്‍ കണ്ണൂര്‍ കലാപഭൂമിയായപ്പോള്‍ അത് അടിച്ചമര്‍ത്താന്‍ എസ് പിയായിരുന്ന മനോജ് എബ്രഹാമിനും ഈ നിലപാടും ഏറെ സഹായകരമായിരുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ നിഷപക്ഷമായ നീതി നിര്‍വ്വഹണം സാധ്യമാക്കിയാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് സേനക്കകത്തെ പ്രതികരണം.

അതേസമയം പിണറായിയുടെ ഈ മിന്നല്‍ നീക്കം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു പോലെയാണ് അമ്പരിപ്പിച്ചിരിക്കുന്നത്.

പിണറായിയെ പോലെ പാര്‍ട്ടിയിലും സര്‍ക്കാരിലും നിലപാടുകളിലും ശക്തനായ ഒരു ഭരണാധികാരിക്ക് മാത്രമേ ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കഴിയൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാതലത്തില്‍ ഇനി വഴിമുടക്കി ലോ അക്കാദമിയുടെ മുന്നില്‍ സമരം നടത്തിയാലും അടി ഉറപ്പാണ്.

ആദ്യം നിര്‍ദ്ദേശം നല്‍കുകയും പിന്നീട് വിവാദമായാല്‍ പൊലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ വിഭാഗത്തില്‍ പിണറായി പെടില്ല എന്നതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചും ഇപ്പോള്‍ ആത്മവിശ്വാസം കൂടുതലാണ്.

പുതിയ നിര്‍ദ്ദേശത്തോടെ ചങ്കിടിക്കുന്നത് പ്രധാനമായും പ്രതിപക്ഷത്തിനും ഭരണപക്ഷത്തെ സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ക്കുമാണ്.

പൊലീസ് യഥാര്‍ത്ഥ പൊലീസാകുന്നതോടെ ക്രിമിനലുകളും അവരെ സഹായിക്കുന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവരും പേടിച്ച് ഓടിക്കൊള്ളുമെന്നാണ് പൊതു വിലയിരുത്തല്‍. തീരുമാനത്തിന് സോഷ്യല്‍ മീഡിയയിലും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Top