കയ്യേറ്റക്കാരെ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കും, അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി

കട്ടപ്പന: കയ്യേറ്റക്കാരെ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുടിയേറ്റക്കാരെ സംരക്ഷിക്കും, കുടിയേറ്റക്കാരെ മറയാക്കി കയ്യേറ്റം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിനെ സംരക്ഷിക്കുന്നത് ദേശീയ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ മുഴുവന്‍ നടപടികളും പൂര്‍ത്തിയായ ശേഷം അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്കും പട്ടയം നല്‍കും. നേരത്തേയുള്ള ഭരണാധികാരികളുടെ പ്രഖ്യാപനം പോലെയല്ല ഇത്. തയാറെടുപ്പുകളുടെ പോരാമയാണ് വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം കുറയാന്‍ കാരണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം പട്ടയ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

5,490 പേര്‍ക്കാണു പട്ടയം നല്‍കിയത്. മുരിക്കാശേരിയില്‍ 516, കട്ടപ്പനയില്‍ 1277, നെടുങ്കണ്ടത്ത് 1610, കരിമണ്ണൂരില്‍ 145, രാജകുമാരിയില്‍ 158, ഇടുക്കിയില്‍ 650, പീരുമേട്ടില്‍ 1039, തൊടുപുഴയില്‍ 48, സ്വപ്നഗ്രാമത്തില്‍ 19, ദേവികുളത്ത് എട്ട്, ദേവികുളം (എച്ച്ആര്‍ഡി) 20 എന്നീ പ്രകാരമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.

1977നു മുന്പു വരെയുള്ള ആയിരം കുടിയേറ്റ കര്‍ഷകര്‍ക്കും ഇതോടെ പട്ടയം ലഭ്യമായി. 2010 വരെയുള്ള അപേക്ഷകളില്‍നിന്ന് അര്‍ഹരായവരുടെ മുന്‍ഗണനാ ക്രമത്തിലാണു ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

ഇതിനിടെ പട്ടയമേള ജനവഞ്ചനയെന്ന് ആരോപിച്ച് മേളയില്‍നിന്നു യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. പട്ടയം ആവശ്യപ്പെട്ട മേഖലകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ടുനിന്നത്.

Top