pinaray vijayan-change in ldf ministry

തിരുവനന്തപുരം : ഇ പി ജയരാജന്റെ ഒഴിവോടെ മന്ത്രിസഭാ പുന:സംഘടനയും വകുപ്പ് മാറ്റങ്ങളും അനിവാര്യമായിരിക്കെ ചങ്കിടിപ്പോടെ മന്ത്രിമാര്‍.

പുതിയ മന്ത്രി വന്നാലും വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ വരുമെന്നാണ് ലഭിക്കുന്ന സൂചന.

മന്ത്രിസഭയിലെ ചില അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് കടുത്ത അത്യപ്തിയുള്ളതിനാല്‍ തങ്ങള്‍ തെറിക്കുമോ എന്ന ഭീതി ചില മന്ത്രിമാര്‍ക്കെങ്കിലുമുണ്ട്.

ഘടക കക്ഷി മന്ത്രിമാരായാല്‍ പോലും പ്രവര്‍ത്തന മികവില്ലെങ്കില്‍ അവരെ മാറ്റി പുതിയ ആളെ തീരുമാനിച്ച് നല്‍കാന്‍ ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്ക് അവകാശമുണ്ട്.

മന്ത്രിമാരെ മാറ്റാന്‍ ഇപ്പോള്‍ സാധ്യത കുറവാണെങ്കിലും മന്ത്രി സഭയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് തിരുത്തല്‍ പ്രക്രിയക്ക് മുഖ്യമന്ത്രി തുടക്കം കുറിക്കുമെന്ന് തന്നെയാണ് അറിയുന്നത്.

വിശ്വസ്തനായ ഇപിയെ കൈവിടാന്‍ മടികാണിക്കാത്ത മുഖ്യമന്ത്രി എന്ത് തീരുമാനമെടുക്കാനും മടിക്കില്ലെന്ന തിരിച്ചറിവ് പല മന്ത്രിമാരുടെയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.

വകുപ്പ് സെക്രട്ടറിമാരാവട്ടെ വ്യവസായ വകുപ്പ് സെക്രട്ടറി നിയമന വിവാദത്തില്‍ വെട്ടിലായ സാഹചര്യം മുന്‍നിര്‍ത്തി മന്ത്രിമാര്‍ താല്‍പര്യപ്പെടുന്ന ഫയലുകളില്‍ പോലും സൂക്ഷ്മ പരിശോധന നടത്തി മാത്രം ഒപ്പ് വെച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ്.

ഐഎഎസ് അസോസിയേഷനും ഇതു സംബന്ധമായ ചില നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഐഎഎസ് പ്രസിഡന്റ് അടക്കമുള്ളവര്‍ വിജിലന്‍സ് കേസില്‍ പ്രതിയായ സാഹചര്യത്തിലാണിത്.

തെറ്റ് പറ്റിയാല്‍ പോലും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മുന്‍ സര്‍ക്കാരുകളുടെ നിലപാട് എന്തായാലും പിണറായി സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ലന്ന കാര്യം ഇതിനകം തന്നെ നടപടിയിലുടെ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ചില ഉദ്യോഗസ്ഥര്‍ കേരളത്തിലെ സേവനം അവസാനിപ്പിച്ച് ഡെപ്യൂട്ടേഷനിലേക്ക് പോവാനുള്ള കാര്യങ്ങളും ആലോചിക്കുന്നുണ്ട്. പക്ഷേ ഇതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാല്‍ ലഭിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

പ്രത്യേകിച്ച് ഡെപ്യൂട്ടഷനിലുള്ള ഉദ്യോഗസ്ഥരോട് മടങ്ങിവരാന്‍ മുഖ്യമന്ത്രിതന്നെ ഡല്‍ഹിയില്‍ യോഗം വിളിച്ച് ആവശ്യപ്പെട്ട സാഹചര്യത്തില്‍.

അതേസമയം പിണറായി സര്‍ക്കാരില്‍ മുഖം നോക്കാതെയും ശുപാര്‍ശകള്‍ കേള്‍ക്കാതെയും നടപടി സ്വീകരിച്ച് മുന്നോട്ട് പോവാന്‍ കഴിയുമെന്നതിനാല്‍ ഒരു വിഭാഗം ഐഎഎസ് ഓഫീസര്‍മാര്‍ ഹാപ്പിയാണ്.

ഏതെങ്കിലും സമ്മര്‍ദ്ദമുണ്ടായാല്‍ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നതും ഈ വിഭാഗത്തിന് ധൈര്യം പകരുന്നുണ്ട്.

Top