pinaray vijayan against central govt demonetization

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങള്‍ക്കെതിരായ കേന്ദ്രസര്‍ക്കാറിന്റെയും മോദിയുടെയും യുദ്ധപ്രഖ്യാപനം എന്തു വില കൊടുത്തും ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തിയ സത്യാഗ്രഹത്തിന്റെ അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളെ ആര്‍.ബി.ഐയ്ക്ക് കീഴില്‍ കൊണ്ട് വരണമെന്നാണ് ബി.ജെ.പിക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബി.ജെ.പിയുടെ ഏതെങ്കിലും പോക്കറ്റ് സംഘടനയല്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനത്തില്‍ കേന്ദ്രസര്‍ക്കാറിനെ സുപ്രീം കോടതി വരെ വിമര്‍ശിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും നല്ലത് ചെയ്താല്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കുമെന്നും എന്നാല്‍ ജനങ്ങളുടെ മേലുള്ള മെക്കിട്ടുകയറ്റം അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമരത്തില്‍
നൂറുകണക്കിനുപേര്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എം.എല്‍.എമാര്‍, എം.പിമാര്‍, നേതാക്കള്‍, സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവരെല്ലാം സമരത്തിനുണ്ടായിരുന്നു.

Top