മുഖ്യമന്ത്രി പറഞ്ഞില്ലങ്കിലും പൊളിറ്റിക്കൽ സെക്രട്ടറി തുറന്ന് പറഞ്ഞു ഇഷ്ടം ഏതെന്ന് !

Puthalath dineshan

തിരുവനന്തപുരം: റഷ്യയില്‍ പന്തുരുണ്ടതോടെ ചങ്കിടിപ്പോടെ കാത്ത് നില്‍ക്കുന്ന ആരാധക പടയില്‍ സമ്പന്നമാണ് കൊച്ചു കേരളം. ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലിനോടും അര്‍ജന്റീനയോടുമാണ് കേരളത്തില്‍ ബഹുഭൂരിപക്ഷം ആരാധകര്‍ക്കും താല്‍പ്പര്യം.

അര്‍ജന്റീന കപ്പ് നേടണമെന്ന് ആഗ്രഹിക്കുന്ന മന്ത്രി എം.എം മണിയും തോമസ് ഐസക്കും രംഗത്ത് വന്നതിന് പിന്നാലെ കൊച്ചു മകനോടൊന്നിച്ച് ഫുട്‌ബോള്‍ തട്ടുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയും പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ ഇഷ്ട ടീം ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

എന്നാല്‍ ഈ സസ്‌പെന്‍സ് നില നിര്‍ത്തി കൊണ്ട് തന്നെ ബ്രസീലിനോടുള്ള ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തും സെക്രട്ടറി എം.വി ജയരാജനും . .

ദിനേശന്‍ പുത്തലത്തിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്ന് . .

അതെ ബ്രസീല്‍ വിജയപാതയിലാണ്
*********
1970 ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്‍റെ ക്യാപ്ടന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ കഴിഞ്ഞ ലോകകപ്പിന് മുമ്പ് ഒരു പ്രഖ്യാപനം നടത്തി. ‘ ഇത്തവണ ബ്രസീല്‍ കപ്പ് നേടില്ല, കാരണം കളിക്കാര്‍ പാകമായിട്ടില്ല. എന്നാല്‍ 2018 ല്‍ ബ്രസീല്‍ കപ്പ് നേടുക തന്നെ ചെയ്യും.’

ദീര്‍ഘവീക്ഷണം ശരിയായിവരികയാണ്. കഴിഞ്ഞ ലോകകപ്പ് ബ്രസീല്‍ ആരാധകരുടെ കണ്ണുനീരിന്‍റേതായിരുന്നു. അവസാനഘട്ടത്തില്‍ അലമാലകള്‍ പോലെ ആഞ്ഞടിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്ക് പോലും വകയില്ലാതെ ബ്രസീല്‍ ജര്‍മനിക്കുമുമ്പില്‍ തകര്‍ന്നുവീണു. ബ്രസീലിന്‍റെ തെരുവുകള്‍ മാത്രമല്ല, ബ്രസീലിനെ നെഞ്ചേറ്റിയ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളെ അത് നിരാശയുടെ ആഴക്കടലില്‍ മുക്കി.

Brazil

ഫുട്ബോളിലെ പരാജയം ബ്രസീലിന് എന്നും ദേശീയ ദുരന്തമായിരുന്നു. കോച്ച് സ്കൊളാരി രാജിവച്ചു. ദുംഗെയെ പ്രതീക്ഷയോടെ കോച്ചിന്‍റെ സ്ഥാനത്തിരുത്തി തിരിച്ചുവരവിനായി ശ്രമം തുടങ്ങി. അങ്ങനെ അക്രമണത്തില്‍ നിന്ന് പ്രതിരോധത്തിന്‍റെ പാഠങ്ങളിലൂടെ മുന്നേറനായി ബ്രസീലിന്‍റെ ശ്രമം. ഇത് ആദ്യ ഘട്ടത്തില്‍ ചില വിജയങ്ങള്‍ സമ്മാനിച്ചെങ്കിലും പിന്നീട് അത് പരാജയത്തിന് വഴിമാറി. 2015 ലെ കോപ്പ ഫുട്ബോളില്‍ പരാഗ്വേയോട് തോറ്റ് ടൂര്‍ണ്ണമെന്‍റില്‍ നിന്ന് തന്നെ പുറത്തായി. കോണ്‍ഫെഡറേഷന്‍ കപ്പിലേക്കുള്ള വഴി പോലും അടഞ്ഞു. ഈ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളില്‍ പോലും ബ്രസീല്‍ തപ്പിത്തടഞ്ഞുകൊണ്ടിരുന്നു. ഇത് ദുംഗയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നു.

അങ്ങനെയാണ് ടീറ്റി എന്ന അഡ്നോര്‍ ലിയാനാര്‍ഡോ ബച്ചി ബ്രസീലിന്‍റെ മുഖ്യപരിശീലകനായി എത്തുന്നത്. അദ്ദേഹത്തിന്‍റെ തന്ത്രങ്ങളില്‍ ബ്രസീല്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ടീറ്റി ചെയ്ത കാര്യം നെയ്മര്‍ പറയുന്നത് ഇങ്ങനെയാണ്. ‘ടീറ്റി വന്നപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തി. കളിക്കാരെ അല്ല, കളിക്കുന്ന രീതിയിലാണ് അദ്ദേഹം മാറ്റങ്ങള്‍ വരുത്തിയത്.’

ഡിഫന്‍സീവ് ഗെയിം എന്ന ദുംഗയുടെ രീതിയില്‍ നിന്ന് വ്യത്യസ്തമായി മുന്നോട്ടുകയറി കളിക്കുന്ന ശൈലിയാണ് ടീറ്റിയുടേത്. മിഡ്ഫീല്‍ഡില്‍ ആധിപത്യം സ്ഥാപിച്ച് ശക്തമായ മുന്നേറ്റത്തിന് അടിത്തറയിടുന്നതാണ് ഈ രീതി.

സ്വന്തം ഹാഫിലെ പ്രതിരോധത്തില്‍ നിന്നും ക്ഷമയോടെ കളി വാര്‍ത്തെടുക്കുന്ന രീതിയാണിത്. മധ്യനിരക്കാരും വേണ്ടിവന്നാല്‍ മുന്‍നിരക്കാരും പ്രതിരോധത്തിനിറങ്ങുന്നു. വിംഗ്ബാക്കുകളാവട്ടെ സെന്‍ററിലേക്ക് കയറി വന്ന് മുന്‍നിരയ്ക്ക് പന്തെത്തിച്ചുനല്‍കുന്നു. പൊസിഷനുകള്‍ തുടര്‍ച്ചയായി മാറി എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുന്ന ശൈലിയും ഇതിന്‍റെ ഭാഗവുമാണ്. കളിക്കാരുമായി ആത്മബന്ധം സ്ഥാപിച്ച് അവരുടെ ഉള്ളിലെ മികവിനെ പുറത്തെടുക്കുകയായിരുന്നു ടീറ്റി.

കുറിയ പാസുകളും ത്രികോണ പാസുകളും കൊണ്ട് പൊസിഷന് പ്രാധാന്യം കൊടുത്ത് ക്ഷമയോടെ വാര്‍ത്തെടുക്കുന്ന ലാറ്റിനമേരിക്കന്‍ ശൈലിയുടെ സൗന്ദര്യാത്മകത ടീറ്റി തന്‍റെ രീതിയിലാവാഹിക്കുകയാണ്. സൗന്ദര്യം ഒട്ടും ചോര്‍ന്നുപോകാതെ ക്ഷമയോടെ കളി മെനയുന്ന ജോഗോ അപോയോഡോ എന്ന എന്ന ശൈലിയാണ് ടീറ്റിയുടേത്.

ഈ ശൈലിക്കിണങ്ങുന്ന കളിക്കാരുമുണ്ട് ബ്രസീലില്‍. നെയ്മര്‍, പുടിഞ്ഞോ എന്ന സൂപ്പര്‍ താരങ്ങള്‍. മാര്‍സാലോ എന്ന ലോകോത്തര വിംഗ്ബാക്ക്. കാസിമിറോ, ഫെര്‍ണാണ്ടിഞ്ഞോ തുടങ്ങിയ പ്രതിരോധമൊരുക്കുന്ന മിഡ്ഫീല്‍ഡര്‍മാര്‍. എതിര്‍ ഗോള്‍ മുഖത്ത് പാസുകളാലും ക്രോസുകളാലും മാരിവില്ല് തീര്‍ക്കുന്ന വില്ല്യന്‍. ഭാവിക്കായി ബ്രസീല്‍ കരുതിവെച്ചിരിക്കുന്ന ആദ്യ ഇലവനില്‍ കളിക്കുന്ന പത്തൊമ്പതുകാരന്‍ ഗബ്രിയേല്‍ ജീസസ്.

Brazil

ബ്രസീലിന് പലപ്പോഴും ദുര്‍ബലമായിത്തീരുന്ന പ്രതിരോധ നിരയില്‍ തിയാഗോ സില്‍വയും മിറാന്‍ഡായും ഉള്‍പ്പെടുന്ന പ്രതിരോധ കൂട്ട്കെട്ട് എത്ര ഫലപ്രദമാണെന്ന് കഴിഞ്ഞ നാളുകളില്‍ ജര്‍മനിയെ പരാജയപ്പെടുത്തിയ മത്സരം തെളിയിച്ചതാണ്.

ഗോള്‍കീപ്പിങിലും പ്രതിരോധത്തിലും പരമ്പരാഗതമായുള്ള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതില്‍ ബ്രസീല്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു. നെയ്മറെ അമിതമായി ആശ്രയിക്കുക എന്ന ശൈലിയും അവര്‍ കൈയ്യൊഴിഞ്ഞു. അങ്ങനെ ടീമിനെയാകെ അഴിച്ചുപണിയാന്‍ ടീറ്റിക്ക് കഴിഞ്ഞിരിക്കുന്നു. കൂട്ടായ പ്രവര്‍ത്തനം, ടീം സ്പിരിറ്റ്, തന്ത്രം, ക്രിയേറ്റിവിറ്റി എന്നിവയിലെല്ലാം മികവാര്‍ന്നടീമായി ബ്രസീല്‍ മാറിയിരിക്കുകയാണ്. കാര്‍ലോസ് ആല്‍ബര്‍ട്ടോ പറഞ്ഞതുപോലെ കളിക്കാര്‍ പാകമായിരിക്കുന്നു. ടീറ്റിയുടെ പുതിയ തന്ത്രത്തിന് കീഴില്‍ അതുകൊണ്ട് തന്നെ 42 ഗോളുകള്‍ അടിച്ചപ്പോള്‍ 5 എണ്ണം മാത്രമേ അവര്‍ തിരിച്ചുവാങ്ങിയുള്ളൂ എന്നത് നമ്മുടെ മുമ്പിലുണ്ട്.

ബ്രസീലിയന്‍ ശൈലിയുടെ പ്രത്യേകത ആക്രമണോത്സുക ഫുട്ബോളാണ്. കാര്‍ലോസിനെപ്പോലെ പിന്‍നിരയില്‍ നിന്ന് മുന്നിലേക്ക് കയറി ഗോളടിക്കുന്ന ഒരു കളിക്കാരന്‍ അത്തരം ശൈലിയുടെ സൃഷ്ടിയാണ്. സ്ടൈക്കര്‍മാരുടെ നിരയും ഇതിന്‍റെ ഭാഗം തന്നെ. പെലെയും റൊണാള്‍ഡോയും നെയ്മറുമെല്ലാം ആ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ്.

ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തെ പുതിയ കാലഘട്ടത്തിന്‍റെ ശൈലിയുമായി യോജിപ്പിച്ച് കളിക്കാരെ ഊര്‍ജ്ജസ്വലമാക്കാന്‍ കോച്ചിനും കഴിഞ്ഞിരിക്കുന്നു. അതെ ബ്രസീല്‍ വിജയ പാതയിലാണ്. ആറാം തവണ അത് സാംബാ സംഗീതത്തിന്‍റെ താളലയങ്ങളില്‍ തന്നെ അവസാനിക്കാതിരിക്കില്ല എന്ന പ്രതീക്ഷ ആരാധകര്‍ക്ക് നല്‍കിക്കൊണ്ടാണ് ലോകകപ്പ് ആരംഭിക്കുന്നത്.
പുത്തലത്ത് ദിനേശൻ

Top