ശ്മശാനത്തില്‍ ഉണ്ടുറങ്ങി എംഎല്‍എ ; അഭിനന്ദനം അറിയിച്ച് പിണറായി

തിരുവനന്തപുരം: പ്രേതബാധയുണ്ടെന്ന വിശ്വാസത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ നിര്‍മാണ പ്രവൃത്തികളില്‍ നിന്നു പിന്മാറിയ ശ്മശാനത്തില്‍ ഉണ്ടുറങ്ങി ആന്ധ്രപ്രദേശ് എംഎല്‍എ നിമ്മല രാമ നായിഡു. ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ചു വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന എംഎല്‍എയെ അഭിവാദ്യം ചെയ്ത് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ്തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്‌ തെലുങ്കു ദേശം പാര്‍ട്ടി എംഎല്‍എയായ നിമ്മലയെ പിണറായി അഭിനന്ദിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന ആന്ധ്ര എം എല്‍ എ നിമ്മല രാമനായിഡുവിനെ അഭിവാദ്യം ചെയ്യുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ വലിയതോതില്‍ പൊതുബോധം നിലനില്‍ക്കുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇത് നിസ്സാരമായി തോന്നാം. എന്നാല്‍, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പന്‍ പ്രവണതകള്‍ക്ക് വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നു.

‘പ്രേതഭയം’ മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിര്‍ത്താനുമാണ് തെലുഗു ദേശം പാര്‍ട്ടി എം എല്‍ എ യായ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ച് കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവില്‍ ശ്മശാനം നവീകരിക്കാന്‍ എട്ടു മാസം മുന്‍പ് ആരംഭിച്ച ശ്രമം ‘പ്രേതബാധ ‘ ഉണ്ട് എന്ന് വിശ്വസിച്ചു തൊഴിലാളികള്‍ പിന്മാറിയതോടെയാണ് നിലച്ചത്. തന്റെ ശ്മാശാന വാസം തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും ജോലികള്‍ ഉടനെ പുനരാരംഭിക്കാന്‍ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ട്.

പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനില്‍ക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പന്‍ രാഷ്ട്രീയത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്‍കൈ ആയാണ് ഇതിനെ കാണേണ്ടത്.

Top