pinaray meet arun jaitely

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലിയുമായി കൂടികാഴ്ച നടത്തി. ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമാനമായില്ലെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നോട്ടു കൈമാറ്റത്തിന് സഹകരണ ബാങ്കുകളെകൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പ്രതിസന്ധിമൂലം ശബരിമല റൂട്ടുകള്‍ പ്രത്യേക കൗണ്ടറുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നങ്ങള്‍ വേഗം അവസാനിക്കുമെന്ന സൂചനകളൊന്നുമില്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. കള്ളനോട്ടും കള്ളപ്പണവും തടയുക തന്നെ വേണം. അതിന്റെ വഴി ഏതാണ് എന്ന് നിശ്ചയിക്കുമ്പോള്‍ ജനങ്ങള്‍ക്കാവണം മുന്‍ഗണന.

ജനങ്ങളെ ശിക്ഷിക്കുന്ന ഒരു തീരുമാനത്തെ എത്ര വൈകാരികമായി വിശദീകരിച്ചാലും അംഗീകരിക്കാനാവില്ല. പൊടുന്നനെ ഉണ്ടായ ആഘാതം തരണം ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ജനങ്ങളെ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കറന്‍സി വിഷയവുമായി ബന്ധപ്പെട്ട് ഒരു ഭരണാധികാരിക്കും പറ്റാന്‍ പാടില്ലാത്ത വീഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍.ഡി.എ സര്‍ക്കാരിനും സംഭവിച്ചത്. ജെയ്റ്റ്‌ലിയെ കണ്ട് പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.

പഴയ നോട്ടുകള്‍ മാറ്റാനുള്ള സമയ പരിധി നവംബര്‍ 24 വരെ നീട്ടിയതായി അദ്ദേഹം അറിയച്ചുവെന്നും പിണറായി പറഞ്ഞു.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കെ.എസ്.എഫ്.ഇയെ ബാധിച്ചിട്ടുണ്ട്. ഇത് മറികടക്കാന്‍ പ്രത്യേക നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുകൂലമായ മറുപടിയാണ് ധനമന്ത്രിയില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരുണ്‍ ജയ്റ്റിലിയുമായുള്ള കൂടികാഴ്ചയില്‍ ധനമന്ത്രി തോമസ് ഐസക്കും പങ്കെടുത്തു.

Top