പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തത് നിയമോപദേശപ്രകാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തത് നിയമോപദേശപ്രകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമ സെക്രട്ടറി ചില നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നും, നിയമോപദേശം തേടിയത് കെ.സി.ജോസഫിന്റെ പരാതിയെതുടര്‍ന്നാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ സംബന്ധിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെ.സി.ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് കാട്ടിയായിരുന്നു കത്ത്.
തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രകാശന പരിപാടിയില്‍ പങ്കെടുക്കില്ലന്ന് പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചത്.

ഇതോടെ പുസ്തക പ്രസ്‌ക്‌ളബില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രകാശന ചടങ്ങ് മാറ്റിവെച്ചതായി ജേക്കബ് തോമസ് അറിയിച്ചു. ഇനി പുസ്തക പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്നും വിപണിയിലും ഓണ്‍ലൈനിലും പുസ്തകം ലഭ്യമാകുമെന്നും തന്റെ ബ്‌ളോഗിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര്‍. ബാലകൃഷ്ണപിള്ള, സി. ദിവാകരന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞ് ജേക്കബ് തോമസ് വിമര്‍ശിക്കുന്നുണ്ട്.

Top