pinaraji vijyan statement about modi

ധര്‍മടം: കേരളത്തിലെ ഒരു മണ്ഡലവും ബിജെപിയെ സ്വീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രധാനമന്ത്രിസ്ഥാനത്തിന് പോലും അപമാനകരമായ നിലയില്‍ ആര്‍എസ്എസ് പ്രചാരകന്റെ ഭാഷയിലുള്ള ജല്‍പനങ്ങള്‍ നരേന്ദ്രമോഡിയില്‍ നിന്നുണ്ടാവുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ധര്‍മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍ പറഞ്ഞു.

ധര്‍മടംമണ്ഡലത്തിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

എന്തൊക്കെയോ അദ്ഭുതംസൃഷ്ടിച്ചുകളയുമെന്ന മട്ടിലാണ് നരേന്ദ്രമോഡിയും അമിത്ഷായും ചേര്‍ന്ന് കേരളത്തില്‍ ബിജെപി പ്രചാരണത്തിനിറങ്ങിയത്. ഇവരെ രണ്ട് പേരെയും കേരളത്തിലെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. വാജ്‌പേയിസര്‍ക്കാരിന്റെ ഭരണകാലം മുതലേ രാജ്യത്തിന് ഇവരെ നന്നായി അറിയാം. ഇവരാണ് ഗുജറാത്തില്‍ ആയിരകണക്കിനാളുകളെ കൂട്ടക്കശാപ്പ് ചെയ്ത വംശഹത്യക്ക് നേതൃത്വം നല്‍കിയത്. ഇവരാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പും ശേഷവും രാജ്യത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് അണിയറയിലിരുന്ന് നേതൃത്വം നല്‍കിയത്. അതൊന്നും നാട്ടിലാര്‍ക്കും മറക്കാനാവുന്നതല്ല.

ഇപ്പോള്‍ അധികാരത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വരുന്നതിന് മുന്‍പും അതിന് ശേഷവും രാജ്യത്താകെ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് അണിയറയില്‍ ഒരുക്കം നടത്തിയതും ഇവരായിരുന്നു. മറ്റിടങ്ങളിലെല്ലാം വിജയിപ്പിച്ച ആ വഴി കേരളത്തിലും സുഗമമായി വെട്ടിതെളിയിക്കാമെന്നാണ് കരുതിയത്.

കേരളത്തെ വര്‍ഗീയതയുടെ ഭൂമിയാക്കാന്‍ പറ്റുമോ എന്നാണ് അവര് പരീക്ഷിച്ചത്. എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷ മനസ് ദൃഢമാണെന്ന കാര്യം അവര്‍ക്കിതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് നാടിന്റെ വികാരം ഇപ്പോള്‍ ശരിക്കും മനസിലായിട്ടുണ്ട്. ദൃഢമായ കേരളത്തിന്റെ മതനിരപേക്ഷ മനസ് ബിജെപിയെ അതിശക്തമായാണ് പ്രതിരോധിക്കുന്നത്.

നാടിനെ തകര്‍ത്ത് ജനജീവിതം ദുസ്സഹമാക്കിയ യുഡിഎഫിനെതിരെയും ശക്തമായ ജനരോഷമാണ് സംസ്ഥാനത്താകെ അലയടിച്ചുയരുന്നതെന്ന് പിണറായി പറഞ്ഞു.

നാടിന്റെ സംസ്‌കാരത്തെകൂടി പ്രതികൂലമായി ബാധിക്കുംവിധം ക്രമസമാധാന തകര്‍ച്ച വന്നിരിക്കുന്നു. സാമൂഹ്യവിരുദ്ധര്‍ക്കും ക്രിമിനലുകള്‍ക്കും അഴിഞ്ഞാടന്‍ അവസരം നല്‍കുകയാണ്. വീട്ടിനകത്തും നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലും മറ്റും സ്ത്രീകളെ കൊലചെയ്യുന്നു. സ്ത്രീ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

ക്രിമിനലുകള്‍ വീടുകളില്‍ കയറി പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ അമ്മമാരെ വരെ പീഡിപ്പിക്കുകയാണ്. സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിവന്നിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക്ആപല്‍ശങ്കയില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇതിനെല്ലാം മാറ്റംവരണമെന്ന് ജനങ്ങള്‍ ചിന്തിക്കുകയാണ്.

മതനിരപേക്ഷത സംരക്ഷിച്ച് സമഗ്രമായ വികസനത്തിലേക്ക് കേരളത്തെ നയിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും പിണറായി പറഞ്ഞു.

Top