pinarai vijayan statement

തിരുവനന്തപുരം : ഓണവിപണിയിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കയറ്റം തടയാന്‍ സപ്ലൈകോയ്ക്ക് 81.42 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കും. 1424 സപ്ലൈകോ ഓണച്ചന്തകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. ഇതിനായി നാലു കോടി 60 ലക്ഷം നീക്കി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ച് കിലോവീതം അരി നല്‍കും. എ.പി.എല്‍ വിഭാഗക്കാര്‍ക്കും ഓണത്തിന് പത്ത് കിലോവീതം അരി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ താലൂക്ക് ജില്ലാ തലങ്ങളില്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കും. പ്രൈസ് മോണിറ്ററി സെല്‍ ശക്തമാക്കും. വ്യാപാകരികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും.

പാചകവാതക ലഭ്യത ഓണക്കാലത്ത് ഉറപ്പുവരുത്താന്‍ എണ്ണക്കമ്പനികളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ താലൂക്ക് ഫെയറുകളില്‍ പച്ചക്കറികള്‍ ലഭ്യമാക്കും. ഹോര്‍ട്ടികോര്‍പ്പ്, മില്‍മ എന്നിവയുടെ സ്റ്റോറുകളും, ഹാന്‍വീവ്, ഹാന്‍ടെക്‌സ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ഓണക്കാലത്ത് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കുമെന്നും 3000 കോടിരൂപ ക്ഷേമപെന്‍ഷനുവേണ്ടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രി ചെയര്‍മാനും ഡോ വി.കെ രാമചന്ദ്രന്‍ വൈസ് ചെയര്‍മാനുമായി ആസൂത്രണ ബോര്‍ഡ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. എം തോമസ് ഐസക് എന്നിവര്‍ ആസൂത്രണ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.

പി ജയരാമന്‍, ആര്‍ രാംകുമാര്‍, ജയന്‍ ജോസ് തോമസ്, കെ.എന്‍ ഹരിലാല്‍, ഡോ ബി ഇക്ബാല്‍, ഡോ കെ.വി രാമന്‍, മൃദുല്‍ ഈപ്പന്‍ എന്നിവര്‍ അനൗദ്യോഗിക അംഗങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം വിതരണം ചെയ്യും. എത്ര തുണി ആവശ്യമായി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കാക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാഷ്ട്പതി ഭവനില്‍ സപ്തംബര്‍ 3 ന് ഓണാഘോഷം സംഘടിപ്പിക്കും. രാഷ്ട്രപതി അടക്കമുള്ളവരെ ക്ഷണിക്കും. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കും.

കേരളത്തിന്റെ തനത് കലകള്‍ ഓണാഘോഷ പരിപാടിയില്‍ അരങ്ങേറുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top