ദേശീയ തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന്

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകുമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നതിനാലാണ് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാന്‍ തീരുമാനമെടുത്തത്.

ശബരിമല തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

തീര്‍ഥാടനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാന്‍ ഇതേറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Top