പൈലറ്റ് ഡി.വി. സാഠെയുടെ മനസ്സാന്നിധ്യം വിമാന ദുരന്തത്തിന്റെ ആഴം കുറച്ചെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: കരിപ്പൂരില്‍ അപടകത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവര്‍ത്തന മികവാണ് വിമാനദുരന്തത്തിന്റെ ആഴം കുറച്ചതെന്നു വിദഗ്ദര്‍. മംഗലാപുരം വിമാനദുരന്തം പോലെ കത്തിയമരാതെ വിമാനത്തെ കാത്തത് പൈലറ്റിന്റെ മിടുക്കാണെന്ന് വ്യോമയാന വിദഗ്ദര്‍ പറയുന്നു. അല്ലായിരുന്നെങ്കില്‍ വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയേനെ.

ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. മലകള്‍ക്കിടയില്‍ നിര്‍മിക്കുന്ന വിമാനത്താവളങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇത്തരം എയര്‍പോര്‍ട്ടുകളില്‍ വിഷ്വല്‍ കണ്‍ട്രോളിങ്ങാണ് പൊതുവെ പൈലറ്റുമാര്‍ അവലംബിക്കുന്നത്. മുന്നിലെ കാഴ്ച മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് പ്രതികൂല സാഹചര്യമായിരിക്കും ലാന്‍ഡിങ് സമയത്ത്. ലാന്‍ഡിങ് സമയത്ത് യാത്രക്കാര്‍ സീറ്റു ബെല്‍റ്റ് ധരിച്ചിട്ടുണ്ടാകും. വിമാനം താഴേക്ക് പതിക്കുക കൂടി ചെയ്തതോടെ അപകടത്തിന്റെ തീവ്രത കൂടുകയും ചെയ്തു.

റണ്‍വേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് വന്‍ ദുരന്തമുണ്ടായതെന്നാണ് സൂചന. സഹപൈലറ്റ് അഖിലേഷ് കുമാറും ദുരന്തത്തില്‍ മരിച്ചിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെ മുന്‍ വ്യോമസേനാംഗമാണ്. സേനയില്‍ യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) നിന്നു പാസായ അദ്ദേഹം 1981 ജൂണ്‍ 11നു സേനയില്‍ ചേര്‍ന്നു. 1992 ല്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആയി. 2003 ജൂണ്‍ 30നു വിങ് കമാന്‍ഡര്‍ റാങ്കിലാണു വിരമിച്ചത്. എന്‍ഡിഎ കോഴ്‌സിലെ മികവിനു സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. സേനയിലെ പരിശീലന കാലയളവിലെ മികവിന് സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും ലഭിച്ചു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിലും (എച്ച്എഎല്‍) ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിച്ചു.

Top