ശബരിമലയിൽ മകരവിളക്കിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് കളക്ടർ

sabarimala

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിനോട് അനുബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

നിരോധനാജ്ഞ തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമായിട്ടില്ലെന്നും 144 പ്രഖ്യാപിച്ചതിലൂടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ സാധിച്ചെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, തീര്‍ത്ഥാടന കാലത്തുണ്ടായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക് പൂജകളും ചടങ്ങുകളും നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ആലസ്യം വിട്ടൊഴിഞ്ഞ സന്നിധാനത്ത് വന്‍ഭക്തജനതിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി 12 മണി വരെ 1,00312 പേര്‍ മല കയറിയതായാണ് കണക്ക്. തിങ്കളാഴ്ച്ച രാവിലെ ഒന്‍പത് മണി വരെ 33,000 പേര്‍ പമ്പ വഴി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിട്ടുണ്ട്. മിനിറ്റില്‍ 85 പേര്‍ വീതം ഇന്ന് പകലില്‍ പതിനെട്ടാം പടി കയറുന്നുണ്ട്.

ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി എട്ട് പോയിന്റുകളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.

Top