തീര്‍ത്ഥാടകരെത്തി; ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ കര്‍ശന ആരോഗ്യ സുരക്ഷോയോടെ

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകര്‍ ഇന്ന് മിനയിലെത്തുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. കര്‍ശന ആരോഗ്യസുരക്ഷ നിരീക്ഷണത്തോടെയായിരിക്കും ഹജ്ജ് തീര്‍ഥാടകര്‍മിനയിലെത്തുക. സൗദിയുടെ വിവിധ മേഖലകളില്‍നിന്നുള്ള സ്വദേശികളും വിദേശികളുമായ ആയിരത്തിലേറെ തീര്‍ഥാടകരാണ് മിനയിലെത്തുന്നത്. കോവിഡ് മൂലം വിദേശ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരില്ലാതെയാണ് ഇത്തവണത്തെ ഹജ്ജ്. തീര്‍ഥാടനചരിത്രത്തില്‍ അപൂര്‍വമാണിത്.

കോവിഡ് വ്യാപനം തടയാനും തീര്‍ഥാടകരുടെ സുരക്ഷ പരിഗണിച്ചുമാണ് സൗദി ഭരണകൂടം തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചത്. ആഭ്യന്തര തീര്‍ഥാടകരില്‍ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. വിദേശികളില്‍ 160 രാജ്യക്കാര്‍ ഉള്‍പ്പെടും. മലയാളികളുള്‍പ്പെടെ 30ഓളം ഇന്ത്യക്കാരുമുണ്ട്.

കോവിഡ് പ്രതിരോധത്തില്‍ പങ്കുവഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാജീവനക്കാരുമാണ് ഹജ്ജ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്കെത്തുന്ന റോഡുകളില്‍ കനത്ത സുരക്ഷാനിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ശിക്ഷയുമുണ്ടാകുമെന്ന് ഹജ്ജ് സുരക്ഷാവിഭാഗം ആവര്‍ത്തിച്ചിട്ടുണ്ട്. ഹജ്ജിനുമുമ്പ് നാലുദിവസത്തെ ക്വാറന്റീന്‍ തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഇവരെ ഓരോരുത്തരെയും ഓരോ റൂമുകളിലാക്കി അസീസിയയിലെ ഹോട്ടലിലാണ് പാര്‍പ്പിച്ചത്. ഇവിടെനിന്ന് തീര്‍ഥാടകര്‍ ചെറുസംഘങ്ങളായി മിനയിലേക്കു തിരിക്കും.

Top