ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; പന്തളം കൊട്ടാരം രാജ പ്രതിനിധി സന്നിധാനത്ത് എത്തി

ശബരിമല: മകരവിളക്കിന് ശേഷവും ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക് തുടരുന്നു. ക്യൂ കോംപ്ലക്‌സ് നിറഞ്ഞ് മരക്കൂട്ടം വരെ നീളുന്ന ക്യൂവാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്. നാല് മണിക്കൂറിലേറെ ക്യൂ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസ് ഇല്ലെന്നും പരാതിയുണ്ട്. നിലവില്‍ 700ഓളം പോലീസുകാര്‍ മാത്രമാണ് ഇവിടെയുള്ളത്.

അതേസമയം പന്തളത്ത് നിന്നും തിരുവാഭരണത്തിനൊപ്പം എത്തിയ പന്തളം കൊട്ടാരം രാജ പ്രതിനിധി ശബരിമല സന്നിധാനത്ത് എത്തി. വലിയ നടപ്പന്തലില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആചാരപ്രകാരം ഉടവാള്‍ നല്‍കി രാജപ്രതിനിധിയെ സ്വികരിച്ചു. ദര്‍ശനത്തിന് ശേഷം പല്ലക്കിലേറി മാളികപ്പുറത്തേക്ക് പോയി.

ഇന്നുമുതല്‍ സന്നിധാനത്തെ പ്രധാന പൂജകള്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും നടക്കുക.മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ചുള്ള അഭിഷേകങ്ങള്‍ നാളെ അവസാനിക്കും. തീര്‍ത്ഥാടകര്‍ക്കുളള ദര്‍ശനം തിങ്കളാഴ്ച വരെ ഉണ്ടാകും.

Top