ശബരിമലയില്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ ശേഖരം ഇല്ല

പത്തനംതിട്ട: തീര്‍ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ശബരിമലയില്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ ശേഖരം ഇല്ല. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് മാത്രം നിര്‍മിക്കും. മുന്‍ വര്‍ഷങ്ങളില്‍ 25 ലക്ഷം ടിന്‍ അരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു.

സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ കരുതല്‍ ശേഖരം വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ആവശ്യത്തിനനുസരിച്ച് മാത്രമാകും ഇത്തവണ ഇവ തയാറാക്കുക. നട തുറക്കുന്നതിനു തലേദിവസമായ 14ന് അരവണയും 15ന് ഉണ്ണിയപ്പവും തയാറാക്കും.

അതേസമയം, വഴിപാട് പ്രസാദം സ്പീഡ് പോസ്റ്റ് വഴി വീടുകളില്‍ എത്തിക്കുന്ന പദ്ധതി തപാല്‍ വകുപ്പ് തുടങ്ങി. അരവണ, വിഭൂതി, ആടിയ ശിഷ്ടം നെയ്യ്, മഞ്ഞള്‍, കുങ്കുമം, അര്‍ച്ചന പ്രസാദം എന്നിവ അടങ്ങിയ കിറ്റിന് 450 രൂപയാണ് വില. എല്ലാ പോസ്റ്റോഫീസുകളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

Top