അവയവമാറ്റ ശസ്ത്രക്രിയയില്‍ വന്‍ ചുവടുവെപ്പ്; പന്നിയുടെ വൃക്ക മനുഷ്യനില്‍ വിജയകരമായി പരീക്ഷിച്ചു

വാഷിങ്ടണ്‍: പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യ ശരീരത്തില്‍ വിജയകരമായി പരീക്ഷിച്ചു. യു.എസിലെ ന്യൂയോര്‍ക് സര്‍വകലാശാലയുടെ ലാംഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് വിജയകരമായ പരീക്ഷണം പൂര്‍ത്തിയാക്കിയത്.

അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് വലിയ ചുവടുവെപ്പായാണ് പരീക്ഷണം വിലയിരുത്തപ്പെടുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയിലാണ് വൃക്കമാറ്റിവെക്കല്‍ പരീക്ഷണം നടത്തിയത്. സാധാരണയായി, മാറ്റിവെക്കുന്ന വൃക്കയെ പുറന്തള്ളാനുള്ള പ്രവണത സ്വീകര്‍ത്താവിന്റെ ശരീരം പ്രകടിപ്പിക്കും. എന്നാല്‍, ഇവരുടെ ശരീരം പന്നിയുടെ വൃക്കയെ ഉള്‍ക്കൊണ്ടതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ജനിതകമാറ്റം നടത്തിയ പന്നിയുടെ വൃക്കയാണ് മനുഷ്യശരീരത്തോട് ചേര്‍ത്തത്. രക്തപര്യയന വ്യവസ്ഥയുമായി കൂട്ടിച്ചേര്‍ത്തെങ്കിലും രോഗിയുടെ ശരീരത്തിന് പുറത്തായാണ് മൂന്ന് ദിവസം വൃക്ക സൂക്ഷിച്ചത്.

മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്ക പ്രവര്‍ത്തന രഹിതമാകുന്ന ലക്ഷണങ്ങളും ഇവരിലുണ്ടായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റുന്നതിന് മുന്നോടിയായി പന്നിയുടെ വൃക്ക മാറ്റിവെച്ചുള്ള പരീക്ഷണത്തിന് ഡോക്ടര്‍മാര്‍ കുടുംബത്തിന്റെ അനുമതി തേടുകയായിരുന്നു.

മാറ്റിവെച്ച വൃക്കയുടെ പ്രവര്‍ത്തനം സാധാരണനിലയിലാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. റോബര്‍ട്ട് മോണ്ട്‌ഗോമറി പറഞ്ഞു. സാധാരണഗതിയില്‍ ശരീരം പ്രകടിപ്പിക്കുന്ന പുറന്തള്ളല്‍ ഇവിടെയുണ്ടായിട്ടില്ല. മാറ്റിവെക്കുന്ന മനുഷ്യന്റെ വൃക്ക ഉല്‍പ്പാദിപ്പിക്കുന്നയത്ര അളവില്‍ മൂത്രം മാറ്റിവെച്ച പന്നിയുടെ വൃക്കയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വൃക്ക പ്രവര്‍ത്തനരഹിതമായതിന്റെ ഫലമായി രോഗിയുടെ ക്രിയാറ്റിന്‍ ലെവല്‍ വര്‍ധിച്ചിരുന്നു. ഇത് സാധാരണനിലയിലെത്തിയതായും ഡോ. റോബര്‍ട്ട് മോണ്ട്‌ഗോമറി പറഞ്ഞു. അവയവക്ഷാമത്തിന് പരിഹാരം കാണുന്നതിലേക്ക് ഈ പരീക്ഷണം വഴിതെളിക്കുമെന്നാണ് വൈദ്യശാസ്ത്രരംഗത്തിന്റെ പ്രതീക്ഷ.

Top