ബാലികയുടെ ചിത്രം; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി പീഡനക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്തു. ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് ട്വിറ്റര്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ് നീക്കം ചെയ്തത്.

നിയമം അനുസരിച്ച് ഇരയുടേയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതുമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കുറ്റകരമാണ്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിവാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റ് നീക്കം ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടുവെന്നും ഇതിന് ശേഷമാണ് ബാലാവകാശ കമ്മീഷന്‍ നടപടിയെടുത്തതെന്നും എന്‍.സി.പി.സി.ആര്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പ്രിയങ്ക് കനൂങ്ങോ പറഞ്ഞു.

 

Top