ഡ്രൈവര്‍ ഉറങ്ങിപ്പോയി; പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാല്‍നടയാത്രക്കാരി പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചു. ആലപ്പുഴ – പറവൂര്‍ റോഡില്‍ മനയ്ക്കപ്പടിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ കരുമാല്ലൂര്‍ മനയ്ക്കപ്പടി ആനച്ചാല്‍ ജിതവിഹാറില്‍ ഗോപിനാഥന്‍ ഭാര്യ ജസീന്ത (60) യാണ് മരിച്ചത്. മനയ്ക്കപ്പടിയില്‍ പുതിയതായി തുടങ്ങിയ പെട്രാള്‍ പമ്പിനു സമീപം വച്ചായിരുന്നു അപകടം.

ജസീന്ത റോഡിന് വശത്തുകൂടി നടന്നുപോകുമ്പോള്‍, ആലുവയില്‍ നിന്നും പറവൂര്‍ക്ക് പോവുന്ന പിക്കപ്പ് വാന്‍ പുറകില്‍ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീട്ടമ്മയെ ഇടിച്ചിട്ട പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

സമീപത്തെ പെട്രോള്‍ പമ്പിന്റെ സിസിടിവി ക്യാമറിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാറശാല മണലിവില്ലയില്‍ ഷാരോണ്‍ (26) നെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സംഹകരണ സെക്രട്ടറിയും , മുന്‍ എസ്എന്‍ഡിപി വനിതാ സംഘം സെക്രട്ടറിയും ആയിരുന്നു ജസീന്ത. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സ്വവസതിയില്‍. മക്കള്‍: ജെയ്ജി, ജിത, മരുമക്കള്‍: ഗിരീഷ്, ജുബിന്‍

Top