അമേരിക്കയിലേക്ക് പോകുന്ന പൗരന്മാര്‍ക്ക് ചൈനയുടെ ജാഗ്രതാ നിര്‍ദ്ദേശം

വാഷിംങ്ടണ്‍ : അമേരിക്കയിലേക്ക് പോകുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ചൈന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചൈനയും അമേരിക്കയും തമ്മില്‍ നില നില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്കിടെയാണ് അമേരിക്കയിലേക്ക് പോകുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. വേനല്‍ സമയങ്ങളില്‍ നിരവധി ചൈനീസ് പൗരന്മാര്‍ അമേരിക്കയിലേക്ക് പോകാറുണ്ട്. ഇവരോട് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പൊതു സ്ഥലങ്ങളിലുണ്ടാകുന്ന വെടിവെപ്പുകളെയും ,കവര്‍ച്ചയെയും, പ്രകൃതി ദുരന്തങ്ങളെയും സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ചൈനീസ് വിദേശ കാര്യ മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ സംശയത്തോടെ നിരീക്ഷിക്കുകയും, രാത്രിയില്‍ ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കുകയും ചെയ്യണമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ വൈദ്യസഹായ ചെലവുകള്‍ കൂടുതലാണെന്നും, അമേരിക്കയില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയമാണ് വേനല്‍ക്കാലമെന്നും അത് കൊണ്ട് ചൈനീസ് പൗരന്മാര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയത്.

വിദേശ ടൂറിസ്റ്റുകളുടെ വരവ് അമേരിക്കയില്‍ കുറയുന്നുണ്ട്. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നിവയുള്‍പ്പെടെ ഏഴ് പ്രമുഖ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 2016 ല്‍ ഏതാണ്ട് മൂന്ന് ദശലക്ഷം ചൈനീസ് വിനോദ സഞ്ചാരികള്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ചൈനീസ് ടൂറിസ്റ്റുകള്‍ അമേരിക്കയിലേക്ക് വിദേശയാത്ര നടത്താറുണ്ട്.

Top