പേരും ചിത്രവും വെളിപ്പെടുത്തുക; ‘ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍’ ക്യാംപെയിന്‍ വൈറല്‍

justnumber

തിരുവനന്തപുരം: ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെടുന്ന ഇരയുടെ പേരും ചിത്രവും വെളിപ്പെടുത്തരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവില്‍ പ്രതിഷേധിച്ച് ‘ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ക്യാംപയിന്‍ വൈറലാകുന്നു.

തങ്ങള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ക്യാംപയിന്‍ തുടങ്ങിയത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സംഗതി വൈറലാകുകയായിരുന്നു.

പീഡനക്കേസിലെ പ്രതിയ്ക്ക് നഷ്ടമാകാത്ത അഭിമാനം എങ്ങനെയാണ് ഇരയ്ക്ക് നഷ്ടമാകുന്നതെന്നും സുപ്രീംകോടതിയുടെ ഉത്തരവ് പുരുഷ കേന്ദ്രീകൃതമാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

‘ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍’ എന്നെഴുതിയ പ്ലക്കാര്‍ഡുകളേന്തിയ സ്വന്തം ചിത്രം അപ്ലോഡ് ചെയ്ത് ‘ഞാന്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രം, പേര് വിവരങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുക.

ഞാന്‍ വെറുമൊരു നമ്പറല്ല’ എന്ന ഹാഷ്ടാഗോടയെയാണ് മിക്കവരും ഈ ക്യാംപയിനില്‍ പങ്കെടുക്കുന്നത്. മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, എഴുത്തുകാരി ഡോ.ഷിംന അസീസ് തുടങ്ങിയ നിരവധി പേര്‍ ക്യാംപയിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

Top