കെ.എസ്. ദത്ത്‌വാലിയക്ക് കോവിഡ്‌; നാഷണല്‍ മീഡിയ സെന്റര്‍ താല്‍ക്കാലികമായി അടച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്ത, വിതരണ മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ മീഡിയ സെന്റര്‍ താല്‍ക്കാലികമായി അടച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍ കെ.എസ്. ദത്ത്‌വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഇദ്ദേഹത്തെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദത്ത്‌വാലിയയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിരിക്കയാണ്.

പി.ഐ.ബിയിലെ വാര്‍ത്തസമ്മേളനം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നാഷണല്‍ മീഡിയ സെന്റര്‍ അണുവിമുക്തമാക്കുന്നതുവരെ ശാസ്ത്രി ഭവനിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനങ്ങളില്‍ ദത്ത്‌വാലിയ സ്ഥിരസാന്നിധ്യമായിരുന്നു. ജൂണ്‍ മൂന്നിന് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവരോടൊപ്പം വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Top