അര്‍ഹതയുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്; പിണറായി വിജയന്‍

ആലപ്പുഴ: ചുവപ്പ് നാടക്കുരുക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ അര്‍ഹിക്കുന്നവര്‍ക്ക് അനുവദിക്കാനാവുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ചുവപ്പ് നാട എന്നത് നമ്മുടെ നാട് ഭീഷണിയോടെയോ ഭയത്തോടെയോ കാണേണ്ട കാര്യമല്ല. അത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം. ഇക്കാര്യം എല്ലാവരും മനസ്സില്‍ സൂക്ഷിക്കണം. സിവില്‍ സര്‍വീസിന്റെ ഏതു കണ്ണിയായാലും പൊതുജന സേവനത്തിന് വേണ്ടിയുള്ളതാണെന്ന ധാരണ വേണം. അര്‍ഹത ഉള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആകെ നാണക്കേടുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

അതേസമയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ മരിച്ച പ്രവാസി സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ശ്യമാളയുടെയും ഉദ്യോഗസ്ഥരുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ബീന അനുമതി തരില്ലെന്ന് പി കെ ശ്യാമളയും സെക്രട്ടറിയും പറഞ്ഞു എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരും പദവിയും അധികാരവും ദുര്‍വിനിയോഗം ചെയ്തുവെന്നും ബീന പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Top