പാകിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു

കറാച്ചി: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു.

ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് പോയ വിമാനത്തില്‍ 91 യാത്രാക്കാരും വിമാന ജീവനക്കാരും ഉൾപ്പെടെ 98 പേരാണ് ഉണ്ടായിരുന്നതെന്നാണു ലഭിക്കുന്ന റിപ്പോര്‍ട്ട്.

പി.കെ-8303 വിമാനമാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയില്‍ തകര്‍ന്നു വീണത്. വിമാനം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് കോളനിയിലെ എട്ട് വീടുകള്‍ തകര്‍ന്നു. ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പായിരുന്നു അപകടം. ലാ‍ൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു.

അപകടസ്ഥലത്ത് നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകട സ്ഥലത്തു പാക്കിസ്ഥാൻ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാൻ റേഞ്ചേഴ്സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ക്ഡൗണ്‍ ഇളവ് നല്‍കി വിമാന സര്‍വീസിന് പാകിസ്താന്‍ അനുമതി നല്‍കിയത്.

2016 ല്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണ് 40 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

Top