ചെന്നൈയിലെത്തിയ പാക്ക് ഹോക്കി ടീമിനെ സഹായിക്കാൻ തമിഴ്നാട് സ്വദേശിയായ ഫിസിയോ തെറപ്പിസ്റ്റ്

ചെന്നൈ : ഏഷ്യൻ ചാംപ്യൻസ് ഹോക്കി ടൂർണമെന്റിൽ പങ്കെടുക്കുന്ന പാക്കിസ്ഥാൻ ടീം ഫിസിയോ തെറപ്പിസ്റ്റില്ലാതെയാണ് ചെന്നൈയിലെത്തിയത്. ടീമിൽ ആർക്കെങ്കിലും പരുക്കേറ്റാൽ ഫിസിയോയുടെ സഹായം അനിവാര്യം. ഈ സാഹചര്യത്തിലാണ് പാക്ക് ടീമിനെ സഹായിക്കാൻ സംഘാടകർ ചെന്നൈയിൽനിന്ന് ഒരു ഫിസിയോയെ ഏർപ്പാടാക്കിയത്.

ചെന്നൈ സ്വദേശി രാജ്കമൽ ടൂർണമെന്റിന്റെ തുടക്കം മുതൽ പാക്ക് ടീമിനൊപ്പമുണ്ട്. 2016 മുതൽ തമിഴ്‌നാട് ഹോക്കി ടീം, ടിഎൻസിഎ ഫസ്റ്റ് ഡിവിഷൻ ക്രിക്കറ്റ് ടീമുകൾ, തമിഴ്നാട് പ്രിമിയർ ലീഗ് ക്രിക്കറ്റ് ടീമുകൾ എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് രാജ്കമൽ പാക്ക് ടീമിനൊപ്പം ചേർന്നത്.

ചീഫ് കോച്ച് ഷഹനാസ് ഷെയ്ഖിന്റെ അഭാവത്തിൽ പാക്കിസ്ഥാൻ ടീമിനെ പരിശീലിപ്പിക്കുന്ന മുഹമ്മദ് സാഖ്‌ലെയ്‌ൻ രാജ്കമലിനെ ‘ദൈവദൂതൻ’ എന്നാണു വിശേഷിപ്പിക്കുന്നത്.

Top