സുലൈമാനിയുടെ മൃതദേഹവും പഴ്‌സും; ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ബാഗ്ദാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷം യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. സുലൈമാനിയും, മറ്റ് ഒന്‍പത് പേരും യാത്ര ചെയ്ത രണ്ട് കാറുകള്‍ക്ക് നേരെയാണ് ജനുവരി 3ന് റീപ്പര്‍ ഡ്രോണ്‍ മിസൈല്‍ ആക്രമണം സംഘടിപ്പിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങളാണ് യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം പകര്‍ത്തിയത്. യുഎസ് ഗവണ്‍മെന്റ് ശ്രോതസ്സുകളില്‍ നിന്നും ഫോക്‌സ് ന്യൂസ് കരസ്ഥമാക്കിയ ചിത്രങ്ങളാണ് പുറത്തുവന്നത്.

ആക്രമണത്തിന് അരമൈല്‍ മുന്‍പ് വരെ യുഎസ് സൈനികര്‍ ഖാസിം സുലൈമാനിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നിരുന്നു. ഡ്രോണ്‍ ആക്രമണം പൂര്‍ത്തിയായ ശേഷമാണ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി ഇറാന്‍ ജനറല്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്. ഖാസിം സുലൈമാനി യാത്ര ചെയ്ത വാഹനം അപ്പാടെ തകര്‍ന്ന് കത്തുന്ന ചിത്രങ്ങളും, ജനറല്‍ കൈയില്‍ സൂക്ഷിച്ച മൊബൈലും, പണവും ഉള്‍പ്പെടെയുള്ള വസ്തുവകകളുടെയും ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

കവിതാപുസ്തകവും, കൈത്തോക്കും, റൈഫിളും സുലൈമാനിയുടെ പക്കലുണ്ടായിരുന്നുവെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.വികൃതമാക്കപ്പെട്ട മൃതദേഹത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. ഈ ചിത്രങ്ങള്‍ അവ്യക്തമായാണ് പങ്കുവെച്ചിട്ടുള്ളത്. സുലൈമാനി കൊല്ലപ്പെട്ട ദിവസം മറ്റൊരു മുതിര്‍ന്ന ഇറാന്‍ മിലിറ്ററി ഉദ്യോഗസ്ഥനെതിരെ യെമനില്‍ യുഎസ് അക്രമം സംഘടിപ്പിച്ചെന്ന് വെള്ളിയാഴ്ച വ്യക്തമായിരുന്നു, ഇറാന്‍ കുദ്‌സ് ഫോഴ്‌സിന്റെ മുഖ്യ കമ്മാന്‍ഡറും ഫിനാന്‍ഷ്യറുമായ അബ്ദുള്‍ റെസാ ഷഹലായിയെയാണ് രഹസ്യ നീക്കത്തില്‍ അമേരിക്ക ലക്ഷ്യംവെച്ചത്.

ഉക്രെയിന്‍ യാത്രാവിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതായി കുറ്റസമ്മതം നടത്തിയതോടെ ഇറാന്‍ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും കനത്ത സമ്മര്‍ദം നേരിടുകയാണ്. ഇതിലും ഭേദം താന്‍ മരിക്കുന്നതായിരുന്നുവെന്നാണ് ഇറാന്‍ സൈന്യത്തിന്റെ എയ്‌റോസ്‌പേസ് വിഭാഗം മേധാവി ജനറല്‍ ആമിര്‍ അലി ഹാജിസാദെ കുറ്റം ഏറ്റെടുത്ത് പ്രതികരിച്ചത്.

Top