പട്‌നയില്‍ ഫോട്ടോ സെഷന്‍ പുരോഗമിക്കുന്നു; പ്രതിപക്ഷ നേതൃയോഗത്തെ പരിഹസിച്ച് അമിത് ഷാ

കശ്മീര്‍: ബിജെപി വിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തെ പരിഹസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പട്‌നയില്‍ നടക്കുന്നത് ഫോട്ടോ സെഷനെന്നായിരുന്നു പരിഹാസം. പ്രതിപക്ഷനിരയില്‍ ഐക്യം സാധ്യമല്ല, 2024ല്‍ മുന്നൂറിലധികം സീറ്റുമായി മോദി വീണ്ടും അധികാരത്തിലെത്തുമെന്നും അമിത്ഷാ അവകാശപ്പെട്ടു. വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരില്‍ എത്തിയതായിരുന്നു അമിത് ഷാ.

”പട്‌നയില്‍ ഒരു ഫോട്ടോ സെഷന്‍ പുരോഗമിക്കുകയാണ്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍ഡിഎയെയും വെല്ലുവിളിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എത്ര ശ്രമിച്ചാലും പ്രതിപക്ഷത്തിനു ഐക്യം സാധ്യമല്ല. പ്രതിപക്ഷം ഐക്യത്തില്‍ വന്നാലും ജനങ്ങള്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും”- അമിത് ഷാ വിശദീകരിച്ചു.

അതേസമയം രാവിലെ പതിനൊന്നരയോടെ പ്രതിപക്ഷ യോഗം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ആരംഭിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികള്‍ തേടിയാണ് പ്രതിപക്ഷ കക്ഷികളുടെ പ്രഥമ സംയുക്ത യോഗം ചേരുന്നത്.

Top