ദലൈലാമയുടെ ഉപദേശകരുടെ ഫോണുകളും ചോര്‍ന്നു; പുതിയ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ ഉപദേശകരുടെയും, സഹായികളുടെയും ഫോണുകള്‍ ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ ചോര്‍ത്തിയതായി ദ ഗാര്‍ഡിയന്‍ പത്രം. 2017 മുതല്‍ ഫോണുകള്‍ ചോര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇസ്രായേലി സ്‌പൈവേര്‍ പെഗാസസിന്റെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ ദലൈലാമയുടെ ഉപദേശകരും ഉണ്ടായിരുന്നതായിട്ടാണ് വയറിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ടെംപ സെറിംഗ് അടക്കമുള്ള മുതിര്‍ന്ന ഉപദേശകര്‍, സഹായികളും വിശ്വസ്തരുമായ ടെന്‍സിംഗ് ടക്ല്ഹ, ചിമി റിഗ് സണ്‍ എന്നിവരടക്കം ദലൈലാമയുടെ വലയത്തിലുള്ള ഒരു കൂട്ടം ആളുകളുടെ ഫോണുകള്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്ക് പുറമേ ടിബറ്റന്‍ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയെല്ലാം പേരുകള്‍ പുറത്തുവന്ന ഡേറ്റാബേസില്‍ ഉണ്ട്.

ഇവര്‍ 2017 മുതല്‍ 2019 ന്റെ തുടക്കത്തില്‍ ആയിരുന്നു നിരീക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇവരുടെ ഫോണ്‍നമ്പറുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇവരുടെ ഫോണ്‍ ചോര്‍ത്തിയോ എന്ന കാര്യം ഫോറന്‍സിക് അനലൈസസിലൂടെ അറിയാനാകു എന്നും വയര്‍ പറയുന്നു. ധര്‍മ്മശാലയിലെ ടിബറ്റന്‍ പ്രവാസ സര്‍ക്കാരിന്റെ തലവന്‍ ലോബ് സാങ് സാങ്‌ഗേയുടെ ഫോണും ചോര്‍ത്തി.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ദലൈലാമ 2017ല്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ട് മുന്‍പും ശേഷവുമായിരുന്നു ഫോണുകള്‍ ചോര്‍ന്നത്. ദോക്ലാം പ്രതിസന്ധിക്ക് പിന്നാലെ ചൈനയുമായുള്ള ബന്ധം ഇന്ത്യ പുനസ്ഥാപിച്ചുവരുന്നതിനിടെയാണ് ഫോണുകള്‍ ചോര്‍ന്നിരിക്കുന്നത്.

Top