പരാതിക്കാരി പിന്‍മാറിയാലും കേരളത്തിന് മറക്കാന്‍ കഴിയുന്നതല്ല ആ . . സംഭാഷണം

saseendran

ശശീന്ദ്രനും എന്‍.സി.പി നേതൃത്വവും കേരളീയ സമൂഹത്തെ വെല്ലുവിളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഫോണ്‍ ‘കെണി’ സംഭവത്തിലെ കേസില്‍ നിന്ന് എ.കെ.ശശീന്ദ്രന്‍ സാങ്കേതികമായി മാത്രമാണ് രക്ഷപ്പെട്ടത്.

പരാതിക്കാരി പരാതി പിന്‍വലിക്കുമ്പോള്‍ സ്വാഭാവികമായി സംഭവിക്കാവുന്ന അവസ്ഥ മാത്രമാണത്. ശശീന്ദ്രന്റെ ശബ്ദമാണെന്ന് ഉറപ്പില്ലെന്ന് ഇപ്പോള്‍ പറയുന്ന ചാനല്‍ പ്രവര്‍ത്തക അല്ലെങ്കില്‍ പറയണം അത് ആരുടെ ശബ്ദമാണെന്ന്. റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ട ശബ്ദം ആരുടേതാണെന്ന് അറിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ വാദം സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്.

ഏത് നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്ന് സെക്കന്റുകള്‍ക്കുള്ളില്‍ കണ്ടു പിടിക്കാന്‍ പറ്റുന്ന പുതിയ കാലത്ത് ഇത്തരം വാദങ്ങളൊന്നും വിലപ്പോകില്ല. ശശീന്ദ്രന്റെ ശബ്ദമല്ലെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തിനെതിരെ കേസ് കൊടുത്തത് ?

ഇപ്പോഴത്തെ പിന്‍മാറ്റത്തിന് അണിയറയില്‍ എന്തൊക്കെ ‘സന്ധി സംഭാഷണങ്ങള്‍’ നടന്നിട്ടുണ്ടാകുമെന്ന് മനസ്സിലാക്കാന്‍ ഒരു പാട് ചിന്തിക്കേണ്ട ആവശ്യമൊന്നും ഇല്ല. താനല്ല ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീലം സംസാരിച്ചതെന്ന് ശശീന്ദ്രന്‍ പോലും ഇന്നുവരെ വ്യക്തമാക്കിയിട്ടില്ല.

തന്റെ ശബ്ദമല്ലെന്ന് ശശീന്ദ്രന് ഉറപ്പുണ്ടായിരുന്നുവെങ്കില്‍ രാജി വയ്‌ക്കേണ്ട ഒരു സാഹചര്യവും അന്ന് ഉണ്ടായിരുന്നുമില്ല. മുഖ്യമന്ത്രിയോ എന്‍.സി.പിയോ, ഇടതു മുന്നണിയോ ആവശ്യപ്പെടാതെയാണ് താന്‍ ധാര്‍മ്മികത മുന്‍ നിര്‍ത്തി സ്വന്തം നിലക്ക് രാജിവച്ചതെന്നാണ് ശശീന്ദ്രന്‍ അന്നും ഇന്നും അവകാശപ്പെടുന്നത്.

തന്റെ ശബ്ദമാണ് അതെന്ന് സ്വയം ബോധ്യമുള്ളത് കൊണ്ടാണ് ഇക്കാര്യത്തില്‍ ശബ്ദ പരിശോധനയ്‌ക്കോ, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള നടപടിയിലേക്കോ ശശീന്ദ്രന്‍ പോകാതിരുന്നത് എന്നത് വ്യക്തം.

മിസ്റ്റര്‍ ശശിന്ദ്രന്‍ . . പരാതിക്കാരി പരാതി പിന്‍വലിച്ചത് കൊണ്ട് മാത്രം കേസ് ഇല്ലാതായാല്‍ തിരിച്ചു കിട്ടുന്നതാണോ ഈ ധാര്‍മ്മികത ? ഈ വാദത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്ന താങ്കള്‍ നാളെ വീണ്ടും മന്ത്രിയായാല്‍ എന്തെങ്കിലും ആരോപണം വന്നാല്‍ ഉടന്‍ തന്നെ ചാടി രാജിവക്കില്ലേ ?

ഇക്കാര്യം അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാന്‍ ഓടി നടക്കുന്നവരും ഓര്‍ക്കുന്നത് നല്ലതാണ്. എന്‍സിപി നേതാക്കള്‍ മാത്രമല്ല, കോടതി തീരുമാനം വന്നപ്പോള്‍ ശശീന്ദ്രനെ പിന്തുണച്ച ‘ആദര്‍ശധീരന്‍’ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഈ ചോദ്യത്തിനു മറുപടി പറയേണ്ടതുണ്ട്.

ഒരു മന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചാല്‍ അവരെ വെറുതെ വിടുന്ന സര്‍ക്കാറാണോ പിണറായി സര്‍ക്കാര്‍ ? ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ വിവാദ സംഭാഷണം വിദഗ്ധ പരിശോധനയ്ക്ക് അയച്ച് റിപ്പോര്‍ട്ട് വാങ്ങിയിട്ടില്ലെന്നതും നാം ഓര്‍ക്കണം.

ഒരു പൊതു പ്രവര്‍ത്തകന്‍. . പ്രത്യേകിച്ച് സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി ഒരിക്കലും ഒരു സ്ത്രീയോടും സംസാരിക്കാന്‍ പാടില്ലാത്തത് തന്നെയാണ് പുറത്തു വന്ന സംഭാഷണം. പ്രത്യേകിച്ച് ഭാര്യയും മകനും ഒക്കെയുള്ള ഒരു സീനിയര്‍ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണിത്.

ഏതെങ്കിലും ഒരു സ്ത്രീ വിചാരിച്ചാല്‍ സംസ്ഥാനം ഭരിക്കുന്ന മന്ത്രിയെ എങ്ങനെയും ‘സ്വാധീനിക്കാന്‍’ പറ്റുമെന്നത് ഗൗരവമായ കാര്യമാണ്. പരസ്പരം ശശീന്ദ്രനും ചാനല്‍ പ്രവര്‍ത്തകയും ഒത്ത് തീര്‍പ്പ് നടത്തിയാല്‍ മാത്രം തീരേണ്ട വിഷയമല്ല അത്.

മുന്‍പ് ഹൈക്കോടതിയെ ഈ കേസ് പിന്‍വലിക്കുന്നതിനായി ചാനല്‍ പ്രവര്‍ത്തക സമീപിച്ചപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ഇത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നത് ഓര്‍മ്മിപ്പിച്ചിരുന്നതാണ്.

പിന്നീടാണ് തന്ത്രപരമായി താന്‍ പരാതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതിയെ തന്നെ ചാനല്‍ പ്രവര്‍ത്തക സമീപിച്ച് ഇപ്പോള്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

തോമസ് ചാണ്ടിയും രാജിവച്ചതോടെ രാജ്യത്ത് ഒരു മന്ത്രി സ്ഥാനം പോലും ഇല്ലാത്ത പാര്‍ട്ടിയായി മാറിയ എന്‍.സി.പിക്ക് മന്ത്രി സ്ഥാനം നല്‍കാന്‍ ഏതു വിഴുപ്പിനെയും ചുമക്കേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല.

സരിത ബന്ധത്തില്‍ സദാചാരത്തെ കുറിച്ച് വാചാലാകുന്നവര്‍ നാളെ സരിത പരാതി പിന്‍വലിച്ചാല്‍ തീരുന്ന പ്രശ്‌നമാണോ കോണ്‍ഗ്രസ്സ് ഉന്നത നേതാക്കള്‍ക്കെതിരായി ഉന്നയിച്ച ആരോപണങ്ങളെന്നത് തുറന്ന് പറയണം. ഇത്തരം ബന്ധങ്ങളാണെല്ലോ പിന്നീട് ‘ബന്ധന’ങ്ങളാകുന്നത്.

എന്‍.സി.പിയുടെ ക്വാട്ടയില്‍ മന്ത്രിമാരായ തോമസ് ചാണ്ടിക്കും ശശീന്ദ്രനും മന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്‌ക്കേണ്ടി വന്നത് അവരുടെ കയ്യിലിരിപ്പുകൊണ്ട് മാത്രമാണ്. ഈ രണ്ട് പേരും എം.എല്‍.എമാരായത് പ്രധാനമായും സി.പി.എമ്മിന്റെ വോട്ട് കൊണ്ടാണ്.

ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് അംഗത്തെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് വേണ്ടി, വീണ്ടും പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാവാന്‍ ഇടതുപക്ഷവും സി.പി.എമ്മും തീരുമാനിക്കുകയാണെങ്കില്‍ അതിനു വലിയ വില നല്‍കേണ്ടി വരും.

കോടതി കുറ്റവിമുക്തനാക്കിയ ഇ.പി.ജയരാജന്‍ ഇപ്പോഴും മന്ത്രിസഭക്ക് പുറത്ത് തന്നെയാണ് എന്ന് ഓര്‍ത്ത് വേണം ശശീന്ദ്രന് ചുവപ്പ് പരവതാനി വിരിക്കാന്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവെന്ന നിലയില്‍ കാണിക്കേണ്ട ജാഗ്രത കാട്ടിയില്ല എന്ന സി.പി.എം കേന്ദ്ര കമ്മറ്റി വിലയിരുത്തലാണ് ഇ.പി.ജയരാജന് തിരിച്ചു വരാന്‍ തടസ്സമെങ്കില്‍ ഇടതുപക്ഷ മന്ത്രി സഭയില്‍ ശശീന്ദ്രന് തിരികെ വരാനും ഈ ന്യായീകരണം ബാധകമാക്കണം.

കാരണം ഇടതുപക്ഷത്തിന്റെ നട്ടെല്ല് മാത്രമല്ല ആ മുന്നണിയുടെ ജനസ്വാധീനത്തിന്റെ 90 ശതമാനവും സി.പി.എമ്മിന് മാത്രം അവകാശപ്പെട്ടതാണ് എന്നത് കൊണ്ട് അന്തിമ തീരുമാനവും സി.പി.എം നിലപാട് അനുസരിച്ചായിരിക്കുമല്ലോ ?

Team Express Kerala

Top